വീട്ടിനുള്ളിലും പരിസരത്തും പാറ്റ ശല്യം കൊണ്ട് പൊറുതിമുട്ടിയോ?​ ഈ സുഗന്ധവ്യഞ്ജനം കൊണ്ട് ചെറിയൊരു പൊടിക്കൈ ചെയ്‌തുനോക്കൂ

Friday 28 July 2023 5:00 PM IST

ക്ഷുദ്രജീവികൾ എല്ലാവീട്ടിലും തലവേദനയാണ്. പല്ലി,​ പാറ്റ,​ ഉറുമ്പ്,​ അട്ട തുടങ്ങി നിരവധി ജീവികൾ മിക്കസമയവും നമ്മുടെ വീട്ടിൽ സജീവമാണ്. മഴക്കാലത്ത് ഇത് പ്രത്യേകിച്ചും. ശരിയായ ശുചിത്വവും ശ്രദ്ധയും ക്ഷുദ്രജീവികളിൽ നിന്നും രോഗമുണ്ടാകാതെയിരിക്കാൻ അത്യാവശ്യമാണ്.

ഇക്കൂട്ടത്തിൽ ഏറ്റവും പ്രശ്‌നക്കാരായ പാറ്റകൾ ഏത് വീട്ടിലും നിരവധി വിഷമങ്ങളുണ്ടാക്കാറുണ്ട്. പാറ്റാഗുളികയും ചോക്ക് വരച്ചുമെല്ലാം നാം പാറ്റയെ അകറ്റാറുണ്ട്. എന്നാൽ വിഷപ്രയോഗമില്ലാതെ നമ്മുടെ നിത്യോപയോഗ വസ്‌തുക്കൾ ഉപയോഗിച്ച് നമുക്ക് പാറ്റശല്യം അവസാനിപ്പിക്കാം. ഒരു സുഗന്ധദ്രവ്യം ഉപയോഗിച്ചാൽ മതി.

കറുവപ്പട്ട നമ്മൾ സാധാരണയായി ബിരിയാണിയിലെല്ലാം സ്വാദിന് ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യമാണ്. കറുവപ്പട്ട പൊടിച്ച് വെള്ളം ചേർത്ത് പാറ്റകൾ പ്രധാനമായും പുറത്തുവരുന്നയിടങ്ങളിൽ സ്‌പ്രേ ചെയ്‌ത് നോക്കൂ. ഏത് വിരുതൻ പാറ്റയും പറപറക്കും. കറുവപ്പട്ട പൊടിയായി വിതറുന്നതും നല്ലതാണ്. കറുവപ്പട്ട പാറ്റയ്‌ക്ക് തീരെ ഇഷ്‌ടമല്ല.

മനുഷ്യർക്കോ മൃഗങ്ങൾക്കോ ഒരു പ്രശ്‌നവുമില്ലാതെ പാറ്റയെ അകറ്റാൻ മറ്റൊരു വിദ്യയുമുണ്ട്. വഴണയില പാറ്റശല്യമുള്ളയിടത്ത് വിതറുന്നതാണ് ഇത്. മുറിച്ചോ മുറിക്കാതെയോ ഇല വിതറാം. ഇലയുടെ രൂക്ഷഗന്ധം പാറ്റകളെ തുരത്തും.