ആലുവയിലെ അഞ്ചുവയസുകാരിയെ കൊന്നത് ലൈംഗിക പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച്, സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Saturday 29 July 2023 6:33 PM IST

കൊച്ചി: ആലുവയിൽ കാണാതായ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ പ്രതി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് സ്ഥീരികരിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ ശരീരത്തിൽ നിറയെ മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥീരീകരിച്ചിരുന്നില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്ന് ഫോറൻസി്ക് സംഘം പൊലീസിനോട് സ്ഥിരീകരിച്ചത്.

പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഫോറൻസിക് സംഘം പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ആലുവയിൽ നിന്ന് ഇന്നലെ കാണാതായ ബിഹാർ സ്വദേശികളുടെ മകളായ അഞ്ചുവയസുകാരിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതായി പിടിയിലായ അസം സ്വദേശി അസഫാക് അലം പൊലീസിനോട് സമ്മതിച്ചു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടി വി ദൃശ്യങ്ങളിൽ നിന്ന് അസഫാക് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതരയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് പിടികൂടിയിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളിൽ നിന്ന് രാത്രി കൂടുതൽ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. രാവിലെ ആലുവ മാർക്കറ്റിലെ തൊഴിലാളികളാണ് ഇന്നലെ വൈകിട്ട് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മാർക്കറ്റിൽ കണ്ടതായി പൊലീസിനെ അറിയിച്ചത്.

രാവിലെ ലഹരി വിട്ട അസഫാക്,​ സാക്കീർ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് 12 മണിയോടെ മാർക്കറ്റിന് പുറകിൽ മാലിന്യം നിക്ഷേപിക്കുന്ന പെരിയാർ തീരത്ത് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയുടെ അച്ചനെ സ്ഥലത്ത് എത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.