ഏഴ് ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി.വാണിജ്യ വിക്ഷേപണം ഇന്ന്
തിരുവനന്തപുരം: ചന്ദ്രയാൻ 3ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ പി.എസ്.എൽ.വി. റോക്കറ്റിന്റെ വാണിജ്യവിക്ഷേപണം ഇന്ന് നടത്തും.
രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. സിംഗപ്പൂരിലെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഡി.എസ്. ആറും ആറ് ചെറിയ ഉപഗ്രഹങ്ങളുമുൾപ്പെടെ ഏഴ് ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് വിക്ഷേപിക്കുക. 26ന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഭൂമിയിൽ നിന്ന് 535 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രങ്ങൾ വിക്ഷേപിക്കുക. ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും വിശ്വസ്ത റോക്കറ്റായ പി.എസ്.എൽ.വിയുടെ 59ാ മത് വിക്ഷേപണമാണിത്.
റോക്കറ്റിന്റെ കോർ എലോൺ കോൺഫിഗറേഷൻ പതിപ്പിന്റെ 17ാ മത് വിക്ഷേപണവുമാണ്. പി.എസ്.എൽ.വി. സി.56 എന്നാണ് റോക്കറ്റിന്റെ പേര്.
ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്സ് ഇന്ത്യയും സിംഗപ്പൂർ സർക്കാരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണം.
352 കിലോ ഭാരമുള്ള ഡി.എസ്.സാറിന് പുറമെ മറ്റ് ആറ് ഉപഗ്രഹങ്ങളുടെ ഭാരം 52.5കിലോഗ്രാം ആണ്. 24 മിനിറ്റിൽ ദൗത്യം പൂർത്തിയാകും.