പി എസ് എൽ വി - സി 56 വിക്ഷേപണം പൂർണ വിജയം; ഏഴ് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നു

Sunday 30 July 2023 10:34 AM IST

ശ്രീഹരിക്കോട്ട: ഐ എസ് ആർ ഒയുടെ വാണിജ്യ വിക്ഷേപണ ദൗത്യമായ പി എസ് എൽ വി - സി 56 ഏഴ് ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണിത്. സിംഗപ്പുർ നിർമിത ഭൗമനിരീക്ഷണ ഉപഗ്രഹത്തെയും ആറ് ചെറു ഉപഗ്രഹങ്ങളെയുമാണ് പി എസ് എൽ വി 56 ഭ്രമണപഥത്തിലെത്തിക്കുക. ഐ എസ് ആർ ഒയുടെ ഏറ്റവും വിശ്വസ്ത റോക്കറ്റായ പി എസ് എൽ വിയുടെ 59ാമത് വിക്ഷേപണമാണിത്.

361.9 കിലോഗ്രാം ഭാരമുള്ള സിംഗപ്പുരിന്റെ ഡി എസ് സാർ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതാണ് പ്രധാന ദൗത്യം. ഇതോടൊപ്പം ആർക്കേഡ്,​ വെലോക്സ് എ എം,​ ഓർബ് -12 സ്‌ട്രെെ‌ഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളെയും ഗലാസിയ -2,​ സ്‌കൂബ്-2 നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രങ്ങളെയും റോക്കറ്റ് വഹിക്കും. മൂന്നുകിലോഗ്രാം മുതൽ 23.58 കിലോഗ്രാം വരെ ഭാരമുള്ളവയാണ് ഈ ഉപഗ്രഹങ്ങൾ. വിക്ഷേപണം കഴിഞ്ഞ് 21 മിനിട്ട് പിന്നിടുമ്പോഴായിരിക്കും പ്രധാന ഉപഗ്രഹമായ ഡിഎസ് സാർ റോക്കറ്റിൽ നിന്ന് വേർപ്പെടുക. ഇരുപത്തിനാല് മിനുട്ട് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേർപ്പെടും.