15കാരിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി; ആൺസുഹൃത്തും ഷാപ്പ് മാനേജറും റിമാൻഡിൽ

Monday 31 July 2023 11:28 AM IST

തൃശൂർ: 15കാരിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി എക‌്‌സൈസ്. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂർ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്.

ഇക്കഴിഞ്ഞ രണ്ടാം തീയതി ആൺ സുഹൃത്തിനൊപ്പം ഷാപ്പിലെത്തിയ 15കാരി മദ്യപിച്ചിരുന്നു. പിന്നീട് സ്നേഹതീരം ബീച്ചിൽ നടന്ന പൊലീസ് പരിശോധനയിൽ പിടിയിലാവുകയും ചെയ്തു. ഇതിനെ തുടർന്ന് ഷാപ്പ് മാനേജറെയും ആൺസുഹൃത്തിനെയും മൂന്നാം തീയതി വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനേജർ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാൻഡിലാവുകയും ചെയ്തു. തുടർന്ന് പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ലൈസൻസ് റദ്ദാക്കിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ വിശദീകരണം നൽകണമെന്നും എക്‌സൈസ് നിർദേശം നൽകിയിട്ടുണ്ട്.