ഇപ്പോൾ എനിക്ക് ഒരു ടെൻഷനും ഇല്ല, ഇതിനപ്പുറം ഒന്നും വരാനില്ല, അതുകൊണ്ട് എന്നെ അതൊന്നും ബാധിക്കാറില്ല; വെളിപ്പെടുത്തലുമായി നടി രമ്യ

Monday 31 July 2023 3:22 PM IST

'കുട്ടൻപിള്ളയുടെ ശിവരാത്രികൾ', 'ഞാൻ പ്രകാശൻ'തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രമ്യ സുരേഷ്. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ നടി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

താരത്തിന്റെ വീടും, മാതാപിതാക്കളെയും സഹോദരനെയുമൊക്കെ പരിപാടിക്കിടെ കാണിക്കുന്നുണ്ട്. ഭർത്താവിന്റെ പ്രോത്സാഹനം കൊണ്ടാണ് രമ്യ ഈ നിലയിലെത്തിയതെന്ന് പിതാവ് പറയുന്നു. ഇരുപതാം വയസിലായിരുന്നു വിവാഹമെന്ന് രമ്യ പറയുന്നു.

സോഷ്യൽ മീഡിയയിലൂടെ ഒത്തിരി ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി. 'വേറെയാരുടെയോ വീഡിയോ വച്ച്, എന്റെ രണ്ട് ഫോട്ടോകൂടിയിട്ടു. ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ ഫാമിലി ഫുൾ സപ്പോർട്ടായിരുന്നു. മോളെന്തിനാ കരയുന്നത്, ധൈര്യമായിരിക്കെന്നാണ് അമ്മ പറഞ്ഞത്. ഫേസ്ബുക്കിൽ ലൈവ് പോയപ്പോൾ പബ്ലിക്ക് ഭയങ്കര സപ്പോർട്ടായിരുന്നു. പക്ഷേ ഇപ്പോൾ വേറെന്തെങ്കിലും പോസ്റ്റിട്ടാൽ, ഇവരുടെതാ അന്ന് തുണ്ട് ഇറങ്ങിയതെന്നും പറയുന്നുണ്ട്. ഇപ്പോൾ എനിക്ക് ഒരു ടെൻഷനും ഇല്ല. ഇതിനപ്പുറം ഇനി ഒന്നും വരാനില്ല. അതുകൊണ്ട് എന്നെ അതൊന്നും ബാധിക്കാറില്ല.'- നടി വ്യക്തമാക്കി.