സംഗീത കോളേജ് ഭൂമി കൈമാറ്റം ഉടൻ നടത്തണം
തൃശൂർ: ഗവ. കോളേജ് ഒഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്‌സ് കലാകാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയ്ക്ക് പരിഹാരം കാണണമെന്നും അനുവദിച്ചുകിട്ടിയ ഭൂമിയുടെ കൈമാറ്റം എളുപ്പം നടത്തണമെന്നും ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് ചെയർമാനും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു.
സ്വന്തം കെട്ടിട സമുച്ചയമുണ്ടാക്കാനുള്ള കോളേജ് അധികൃതരുടെ ശ്രമങ്ങൾക്ക് അനാവശ്യമായ പ്രതിബന്ധം സൃഷ്ടിക്കുകയാണ്. രാമവർമപുരം ഗവ. യു.പി സ്‌കൂളിനോടനുബന്ധിച്ച് കിടക്കുന്ന രണ്ടര ഏക്കർ ഭൂമി കൈമാറാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി മൂന്ന് വർഷങ്ങൾക്ക് മുൻപ് ലഭിച്ചിട്ടും ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് ഭരണാനുമതി ലഭിച്ചില്ല. റവന്യു ഡിപ്പാർട്ടുമെന്റിന്റെ പ്രോപ്പോസൽ സർട്ടിഫിക്കറ്റിൽ, 'കൈമാറ്റത്തിന് ഈ ഭൂമി ഉപയുക്തമാണ്' എന്ന് റിമാർക്‌സ് ചെയ്തിട്ടില്ലെന്ന് പറഞ്ഞാണ് തടയുന്നത്. ഫയൽ വീണ്ടും റവന്യു ഡിപ്പാർട്ടുമെന്റിലേക്ക് അയച്ചെന്നാണ് വിവരമെന്നും സതീഷ് കളത്തിൽ പറഞ്ഞു.