മുൻ കോൺഗ്രസ് എം എൽ എയും നടിയുമായ ജയസുധ ബി ജെ പിയിൽ ചേർന്നു

Wednesday 02 August 2023 6:26 PM IST

ന്യൂഡൽഹി: മുൻ എം എൽ എയും നടിയുമായ ജയസുധ ബി ജെ പിയിൽ ചേർന്നു. ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് വച്ച് നടി തെലങ്കാന ബി ജെ പി അദ്ധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. ജയസുധ കോൺഗ്രസ്, ടി ഡി പി, വെെ എസ് ആർ കോൺഗ്രസ് എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തെലുങ്കാനയിൽ നടന്ന മുനുഗോഡ് ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബി ജെ പി ജയസുധയെ പാ‌ർട്ടിയിലേയ്ക്ക് ക്ഷണിച്ചിരുന്നു.

തെലുങ്ക് നടിയായ ജയസുധ തമിഴ്, മലയാളം സിനിമയിലും ശ്രദ്ധയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സരോവരം, ഇഷ്ടം എന്നീ മലയാള ചിത്രങ്ങളിലും ജയസുധ അഭിനയിച്ചിട്ടുണ്ട്. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തിൽ നിന്നും 2009ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയസുധ വിജയിച്ചിരുന്നു. 2016ൽ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവർ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നു. 2019 തിരഞ്ഞെടുപ്പ് കാലത്ത് ഇവർ വെെ എസ് ആർ കോൺഗ്രസിന്റെ ഒപ്പമായിരുന്നു. എന്നാൽ അവിടെ നിന്ന് രാജിവയ്ക്കുകയായിരുന്നു.