നാട്ടിലെ സദ്യയ്‌ക്കും ബിരിയാണിയിലുമെല്ലാം മസ്‌റ്റായിട്ടുള്ള വിഭവം, എന്നിട്ടും പപ്പടം പോലെ പൊടിഞ്ഞ് കച്ചവടം, പ്രശ്‌നം ഇതൊക്കെ

Monday 07 August 2023 11:13 AM IST

വെട്ടിത്തിളയ്ക്കുന്ന എണ്ണയിൽ പൊള്ളി നിവർന്ന്, സദ്യവട്ടങ്ങളിൽ വെട്ടിത്തിളങ്ങിയിരുന്ന പപ്പടങ്ങൾക്ക് കണ്ടകശനി. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ വീണ്ടും പപ്പട വ്യവസായം 'പൊടിയുകയാണ്'. വില കൂട്ടാതെ എണ്ണം കുറച്ച് പപ്പടം വിൽക്കാൻ നിർബന്ധിതരായിരിക്കുകയാണ് പരമ്പരാഗത തൊഴിലാളികൾ.

ശരാശരി 20 രൂപ വരുന്ന പപ്പട പായ്ക്കറ്റിൽ മുൻപ് 14 എണ്ണം ഉണ്ടായിരുന്നിടത്ത് 11-12 എണ്ണമേയുള്ളൂ. ഊണായാലും ബിരിയാണിയായലും കോട്ടയംകാർക്ക് പപ്പടം മസ്റ്റാണ്. ജില്ലയിൽ നൂറിലേറെ പപ്പട നിർമ്മാണ യൂണിറ്റുകളുണ്ട്. തമിഴ്നാടൻ പപ്പടം വിപണിയിലുണ്ടെങ്കിലും പരമ്പരാഗത തൊഴിലാളികൾ ഉണ്ടാക്കുന്ന പപ്പടത്തിനാണ് രുചിക്കൂടുതലും ആവശ്യക്കാരേറെയും. ഒരു ദിവസം അഞ്ചു കിലോഗ്രാമിൽ താഴെ മാവ് ഉപയോഗിച്ച് പപ്പടമുണ്ടാക്കുന്നവർ മാത്രമേ ഇപ്പോൾ പരമ്പരാഗത രീതിയെ ആശ്രയിക്കുന്നുള്ളൂ.

ഓണം പപ്പട വില്പനയുടെ ചാകരക്കാലമാണ്. പപ്പടക്കാരം, ഉഴുന്ന് എന്നിവയുടെ വിലക്കയറ്റമാണ് വെല്ലുവിളി. ഉഴുന്നുപൊടി കിലോയ്ക്ക് 90 രൂപയിൽനിന്ന് ഒറ്റയടിയ്ക്ക് 120 രൂപയിലെത്തി. ഇതിന് പുറമെ കൂലിയും വൈദ്യുതി ചാർജ് അടക്കമുള്ള മറ്റ് ചെലവുകളിൽ വന്ന വർദ്ധനവും മേഖലയെ പിന്നോട്ടടിക്കുകയാണെന്ന് സംരംഭകർ പറയുന്നു.

വ്യാജന്മാരും വിപണിയിൽ

ഉഴുന്നു മാവും പപ്പടക്കാരവും ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് തമ്മിൽ ഒട്ടാതിരിക്കാൻ നല്ലെണ്ണയും, അരിപ്പൊടയോ കപ്പപ്പൊടിയോ മുകളിൽ തൂവി വെയിലത്ത് ഉണക്കിയെടുക്കുന്നതാണ് തനി നാടൻ പപ്പടം. ഉഴുന്നു വിലയുടെ അടിസ്ഥാനത്തിൽ പപ്പട വിലയിലും ഏറ്റക്കുറച്ചിലുകൾ വരും. അവസരം മുതലാക്കി വ്യാജ പപ്പടം വിപണിയിലെത്തിക്കുന്നവരുണ്ട്. ഉഴുന്നിന് പകരം മൈദയാണ് അവർ ഉപയോഗിക്കുന്ന പ്രധാന ചേരുവ. മൈദ കിലോയ്ക്ക് 40 രൂപയിൽ താഴെയാണ് വില. എന്നാൽ സാധാരണ പപ്പടം പോലെ ഇവ പൊള്ളി വരില്ല. രുചിയുമുണ്ടാവില്ല. ഉത്പാദന ചെലവ് കുറവായതിനാൽ ചെറിയ തുകയ്ക്ക് കൂടുതൽ എണ്ണം കൊടുക്കാനാവും.

''വിലക്കയറ്റം രൂക്ഷമായതോടെ ഉത്പാദന ചെലവ് 60 ശതമാനമാണ് വർദ്ധിച്ചത്. പലർക്കും മേഖലയിൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണ്

കേരള പപ്പടം മാനുഫാക്ചറേഴ്സ് അസോസയേഷൻ ഭാരവാഹികൾ