സ്വന്തം കെട്ടിടമില്ല, ഒരു ക്ളാസിൽ മൂന്ന് ബാച്ച്... പാഴ്ശ്രുതിയിൽ ആദ്യ പാട്ടുപള്ളിക്കൂടം
തൃശൂർ: ഒരു ക്‌ളാസിനെ രണ്ടും മൂന്നുമാക്കി അദ്ധ്യയനം. വിണ്ടുകീറിയ ചുവർ, മഴയിൽ ചോരുന്ന ഓടു മേഞ്ഞ മേൽക്കൂര... രാജകൊട്ടാരത്തിലെ സ്ത്രീകൾക്ക് സംഗീതം പഠിക്കാൻ ഒരു നൂറ്റാണ്ട് മുൻപ് കൊച്ചിരാജാവ് രാമവർമ്മ തമ്പുരാൻ നിർമ്മിച്ച ആദ്യ സംഗീതവിദ്യാലയം, ഇന്നും ഗവ.മോഡൽ ഗേൾസ് സ്‌കൂളിന്റെ പുറമ്പോക്കിൽ. താത്കാലികമായി പ്രവർത്തിക്കുന്ന ഈ കോളേജിന് സ്വന്തമായി കെട്ടിടം പോലുമില്ല. രാമവർമപുരം ഗവ. യു.പി സ്‌കൂളിനടുത്തുള്ള രണ്ടരയേക്കർ ഭൂമി കൈമാറാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി ലഭിച്ചിട്ടും ഭൂമി കൈമാറ്റത്തിന്, ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഭരണാനുമതി കിട്ടിയില്ല. ഭൂമി കൈമാറ്റം സംബന്ധിച്ച 'റിമാക്‌സിന്' റവന്യൂ വകുപ്പിലേക്ക് ഫയൽ അയച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. മുൻപ് എസ്.ആർ.വി സംഗീത വിദ്യാലയമായിരുന്നു.
വിദ്യാർത്ഥികളില്ലെന്നും തൊഴിൽ സാദ്ധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടി 2013 ൽ സ്‌കൂൾ പൂട്ടാൻ ഉത്തരവിട്ടതായുള്ള കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന് നിരവധി പ്രതിഷേധങ്ങളുയർന്നു. തുടർന്ന് 2018ൽ ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിൽ കലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെ കോളേജാക്കി, ശ്രീ രാമവർമ്മ ഗവ. കോളേജ് ഒഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്‌സായി. 2018 ജൂൺ 29 ന് ആദ്യക്‌ളാസ് തുടങ്ങി. സംഗീതം, വീണ, മൃദംഗം, വയലിൻ എന്നിവയിൽ ത്രിവത്‌സര കോഴ്‌സുകളാണുള്ളത്. പ്‌ളസ്ടുവാണ് അടിസ്ഥാന യോഗ്യത. ഭാഷാവിഷയങ്ങളിലെ മാർക്കും അഭിരുചി പരീക്ഷയും നടത്തിയാണ് പ്രവേശനം.
കിഫ്ബിയുടെ 10 കോടി കിട്ടി, എന്നിട്ടും...
2016ൽ കിഫ്ബിയുടെ പത്ത് കോടിയാണ് കെട്ടിട നിർമ്മാണത്തിന് ലഭിച്ചത്. പക്ഷേ, ഏഴ് വർഷമായി ഒന്നും നടന്നില്ല. 2015 ലെ സംസ്ഥാന ബഡ്ജറ്റിൽ അറുപത് ലക്ഷം കിട്ടിയിരുന്നു. അതിൽ അഞ്ചേകാൽ ലക്ഷം ചെലവഴിച്ച് ബാക്കി തിരിച്ചടയ്‌ക്കേണ്ടി വന്നു. കേരളത്തിലെ നാല് പ്രധാന കോളേജുകളിലൊന്നാണിത്. തിരുവനന്തപുരം, തൃപ്പൂണിത്തുറ, പാലക്കാട് എന്നിവിടങ്ങളിലാണ് മറ്റ് കോളേജുകൾ.
പരാധീനതകളേറെ
15 ക്‌ളാസ്മുറികൾ വേണ്ടിടത്തുള്ളത് 4 ക്‌ളാസ്. പ്രാക്ടിക്കലിനും തിയറിക്കും വെവ്വേറെ ക്‌ളാസ് മുറിയില്ല ലൈബ്രറിയോ കച്ചേരി മണ്ഡപമോ ഇല്ല. സംഗീതോപകരണം സുരക്ഷിതമായി സൂക്ഷിക്കാനും സ്ഥലമില്ല. റെക്കാഡിംഗ് സ്റ്റുഡിയോയും ഓഡിറ്റോറിയവുമില്ല 22 ജീവനക്കാർക്കുള്ളത് വെറും രണ്ട് മുറികൾ
സീറ്റ്: 90
നിലവിലെ വിദ്യാർത്ഥികൾ: 63 സ്‌പെഷ്യൽ ഓഫീസർ: ഒന്ന് സ്ഥിരം അദ്ധ്യാപിക: ഒന്ന് താത്കാലിക അദ്ധ്യാപകർ: 13 അനദ്ധ്യാപകർ: 7
സ്ഥാപിച്ചത്: 1910 ൽ കൊച്ചി രാജാവ് രാമവർമ്മ തമ്പുരാൻ
സാങ്കേതികപ്രശ്‌നങ്ങളൊന്നുമില്ലാതെ നിസാര പ്രശ്‌നത്തിൽ തട്ടി ഭൂമി കൈമാറ്റം വർഷങ്ങളായി നീളുകയാണ്. ഇതിന് പിന്നിലുള്ള ലക്ഷ്യമെന്തെന്ന് അന്വേഷിക്കണം. പത്ത് വർഷം മുൻപ് സ്‌കൂൾ പൂട്ടിയപ്പോൾ ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ പ്രതിഷേധങ്ങൾക്കും പരാതികൾക്കും ശേഷം നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മിഷൻ സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
സതീഷ് കളത്തിൽ സംവിധായകൻ ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് ചെയർമാൻ.