മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; ചിതയിലേയ്‌ക്കെടുക്കും മുമ്പ് കണ്ണ് തുറന്ന് ബി ജെ പി നേതാവ്

Tuesday 08 August 2023 12:30 PM IST

ന്യൂഡൽഹി: സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ മരണപ്പെട്ടെന്ന് കരുതിയ ബിജെപി നേതാവ് കണ്ണുതുറന്നു. ഉത്ത‌ർപ്രദേശിലെ ബിജെപി നേതാവായ മഹേഷ് ബാഗേൽ ആണ് അത്ഭുതകരമായി ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച ശേഷമായിരുന്നു സംഭവം.

നെഞ്ചിൽ അണുബാധ ഉണ്ടായതിനെ തുടർന്നാണ് മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മക്കളായ അഭിഷേകും അങ്കിതും ചേർന്ന് മൃതദേഹം വീട്ടിലെത്തിച്ചു. മഹേഷിന്റെ മരണവിവരം അറിഞ്ഞ് വീട്ടിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ബന്ധുക്കളും ഉൾപ്പെടെ വൻ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു.

അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനിടെയാണ് ബോധം തിരിച്ച് കിട്ടിയ മഹേഷ് ബാഗേൽ അപ്രതീക്ഷിതമായി കണ്ണ് തുറന്നത്. ചുറ്റും കൂടിനിന്നവർക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല. മൃതദേഹം വീട്ടിലെത്തിച്ച് അര മണിക്കൂറിന് ശേഷമാണ് സംഭവം. കണ്ണ് തുറന്ന് അൽപ്പസമയത്തിനകം ശരീരം ഇളകുക കൂടി ചെയ്തതോടെ ബന്ധുക്കൾ ഡോക്ടർമാരെ വിവരമറിയിച്ചു.

തുടർന്ന് മഹേഷിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ വിദഗ്ദ്ധ ഡോക്ടർമാർ ചികിത്സിക്കുകയാണെന്നും ആരോഗ്യനില മെച്ചപ്പെടുകയാണെന്നും സഹോദരൻ ലഖാൻ സിംഗ് ബാഗേൽ അറിയിച്ചു. മരണപ്പെട്ടെന്ന വിവരമറിഞ്ഞ് നിരവധിപേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ മഹേഷിന് അനുശോചനം രേഖപ്പെടുത്തിയത്.