ആറു വർഷം സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിക്കാനാവില്ല, യുവാവിനെതിരായ പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Wednesday 09 August 2023 9:59 PM IST

ബംഗളുരു: ആറുവർഷത്തോളം ഉഭയ സമ്മതത്തോടെ ശാരീരീക ബന്ധത്തിലേർപ്പെട്ട ശേഷം പീഡന പരാതി ഉന്നയിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം,​ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബംഗളുരു സ്വദേശിക്കെതിരെ യുവതി നൽകിയ കേസുകൾ റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കെതിരെയുള്ള പീഡനക്കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളുരു സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം ആറു വർഷമാണ് ഹർജിക്കാരനും പരാതിക്കാരിയും സമ്മതത്തോടെ ശാരീരിക ബന്ധം പുലർത്തിയത്. 2019 ഡിസംബറിന് ശേഷം അടുപ്പം കുറഞ്ഞതോടെയാണ് ഹർജിക്കാരി പരാതിയുമായി രംഗത്തെത്തിയത്. ആറുവർഷത്തെ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം അടുപ്പം കുറഞ്ഞാൽ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസുകളിൽ വിചാരണ തുടരാൻ അനുവദിച്ചാൽ അത് നിയമത്തെ വീണ്ടും വീണ്ടിും ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തെ പിന്തുണയ്ക്കുന്നതാകുമെന്നും കോടതി പറഞ്ഞു.

ബംഗളുരു ഇന്ദിരാ നഗർ പോലീസ് സ്റ്റേഷനിൽ 2021 മാർച്ച് എട്ടിനാണ് ആദ്യം യുവതി പീഡന പരാതി നൽകിയത്. കേസിൽ യുവാവിന് ജാമ്യം ലഭിച്ചതോടെ യുവാവ് താമസിക്കുന്ന ദാവൺഗരയിലും യുവാതി പരാതി നൽകി. മറ്റൊരു യുവതിയെയും പ്രതി ചേർത്തായിരുന്നു പീഡനപരാതി നൽകിയത്. ഈ രണ്ടു കേസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.