കര കവിയേണ്ട കർക്കടകം; 'മാട് ' കാണിച്ച് പുഴകൾ

Wednesday 09 August 2023 10:17 PM IST

നീലേശ്വരം: ഇരുണ്ടുപെയ്യുന്ന കർക്കടകത്തിൽ കൂലംകുത്തിയൊഴുകുന്ന പുഴ ഓർമ്മയിൽ. തോണിയിറക്കാൻ എത്ര ധൈര്യശാലിയായ തുഴച്ചിൽകാരനും ഒന്നുമടിക്കുമായിരുന്ന പതിവെല്ലാം ഇക്കുറി തെറ്റിയ മട്ടാണ്. ജലസമൃദ്ധമായ കാര്യങ്കോട് പുഴയുടെ കാര്യത്തിലെങ്കിലും കർക്കടകം കാര്യങ്ങൾ പാടെ തെറ്റിച്ചിരിക്കുകയാണ്.

തിമിർത്തുപെയ്യേണ്ട മഴയും പിന്നാലെ പുഴ കവിഞ്ഞ് വെള്ളപ്പൊക്കവും വരേണ്ട സമയത്താണ് കാര്യങ്കോട് പുഴയുടെ പല ഭാഗങ്ങളിലും മാടുകൾ (മൺതുരുത്തുകൾ)​ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാധാരണ നിലയിൽ വേലിയേറ്റം അനുഭവപ്പെടാത്ത കാലമാണ് കർക്കടകം. ഇവിടെയാണ് പുഴ വറ്റി മണൽ പുറത്തുകാണുന്നത്. കുടകിലെ പടിനാൽ ക്കാട്ടിൽനിന്നൊഴുകി വരുന്ന പുഴയാണ് കാര്യങ്കോട്. മഴക്കാലത്ത് വലിയതോതിൽ ജലപ്രവാഹം ഉണ്ടാകുന്നതാണ് പതിവ്. ചാത്തമത്ത്,​പാലായി,​ ക്ളായിക്കോട്,​ വെള്ളാട്ട്,​കയ്യൂർ ഭാഗങ്ങളിലെല്ലാം വലിയതോതിൽ മാട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണിപ്പോൾ.
ഈ വർഷം ഒറ്റത്തവണ മാത്രമാണ് പുഴ കരകവിഞ്ഞൊഴുകിയത്. സാധാരണ നിലയിൽ

തുലാവർഷം വരെ വെള്ളം കടലിലേക്ക് കുത്തിയൊഴുകുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി വേനൽ കാലങ്ങളിവേതുപോലെ വേലിയേറ്റവും വേലിയിറക്കവും പ്രത്യക്ഷപ്പെടുന്നുണ്ട്. വേലിയിറക്കത്തിലാണ് പുഴയിൽ മാട് പ്രത്യക്ഷപ്പെടുന്നത്.

കർക്കടകത്തിൽ കക്ക പെറുക്കുന്നു

മുൻകാലങ്ങളിൽ കർക്കടകത്തിൽ കക്ക (ഇളമ്പക്ക)​ ശേഖരിക്കുന്ന പതിവില്ല. എല്ലാഭാഗത്തും കുത്തൊഴുക്കുണ്ടാകുമെന്നതിനാലാണിത്. എന്നാൽ ഇപ്പോൾ ആളുകൾ പേടിയില്ലാതെ പുഴയിലിറങ്ങി ഇളമ്പക്ക ശേഖരിച്ചുവരികയാണ്. അതെ സമയം ഒഴുക്ക് കുറഞ്ഞത് നാടൻ മത്സ്യതൊഴിലാളികൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. മീനുകളുടെ ലഭ്യത അത്രകണ്ട് കുറഞ്ഞെന്നാണ് ഇവർ പറയുന്നത്. വരും ദിവസങ്ങളിലും മഴ കുറഞ്ഞാൽ പുഴയോരം ഉപ്പുവെള്ളഭീഷണിയിലേക്ക് എത്താനുള്ള സാഹചര്യവും നിലവിലുണ്ട്.സാധാരണ നിലയിൽ ഡിസംബർ,​ജനുവരി മാസത്തിലാണ് പുഴയിൽ കടൽജലത്തിന്റെ സാന്നിദ്ധ്യം വഴി ഉപ്പ് ഏറുന്നത്. അസാധാരണമായ ഈ പ്രതിഭാസം ഏതുവിധത്തിൽ ബാധിക്കുമെന്ന ആശങ്കയും പുഴയോരവാസികൾ പങ്കുവെക്കുന്നുണ്ട്.