പൂക്കൾ നിറയും , ഓണം കളറാകും
ചങ്ങനാശേരി: ഓണത്തിന് പൂക്കളം ഒരുക്കാൻ ജമന്തി പൂക്കളുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ വനിത ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലും ബ്ലോക്ക് കൃഷി വകുപ്പിന്റെ നേതൃത്വത്തിലും ജമന്തിപൂകൃഷി ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന തൃക്കൊടിത്താനം, മാടപ്പളളി, പായിപ്പാട്, വാഴപ്പള്ളി, വാകത്താനം, പഞ്ചായത്തുകളിലാണ് വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കൃഷിയൊരുക്കിയത്. ആവശ്യക്കാർക്ക് നേരിട്ടും കടകളിലും വിതരണം ചെയ്യും. വനിതാകൂട്ടായ്മകൾക്ക് ചെറിയ വരുമാനവുമാകും. ഓണം വിപണിയിൽ അന്യസംസ്ഥാനക്കാരുടെ ഇടപെടൽ ഒഴിവാക്കുകയാണ് ലക്ഷ്യം. സർക്കാർ സഹായത്തോടെ ജമന്തി കൃഷി വ്യാപകമാക്കാനാണ് തീരുമാനം. ഇതിനായി തരിശായി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തും. ചെറുതും വലുതുമായ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിച്ച് വരുമാനം നേടാനാണ് വനിത കർഷക കൂട്ടായ്മയുടെ തീരുമാനം.