സപ്ളൈകോയ്ക്ക് പണം നല്‌കണം
വിലക്കയറ്റം രാഷ്ട്രീയചർച്ചയിൽ ഒതുങ്ങിപ്പോകുന്ന ദുരവസ്ഥയിലാണ് കേരളം ഇപ്പോൾ. നിത്യോപയോഗ സാധനങ്ങളുടെ അസാധാരണ വിലക്കയറ്റത്തിൽ സാധാരണ ജനങ്ങൾ പകച്ചുനില്‌ക്കുകയാണ്. നിയമസഭയിൽ ചൊവ്വാഴ്ച നടന്ന വിലക്കയറ്റ ചർച്ച പതിവുപോലെ വാക് പോരിലും ഇറങ്ങിപ്പോക്കിലും അവസാനിക്കുകയാണുണ്ടായത്. സപ്ളൈകോയുടെ ഒരു സ്റ്റോറിലും സാധനങ്ങൾ സ്റ്റോക്കില്ലെന്നത് അംഗീകരിക്കാൻ സർക്കാരിനു വൈമുഖ്യം കാണും. പക്ഷേ അതാണു സത്യം. പരസ്യ വിപണിയാകട്ടെ ഇതു മുതലെടുത്ത് പരമാവധി ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ്. വിപണി ഇടപെടലിൽ സർക്കാർ ഇടപെടൽ നാമമാത്രമായതാണ് വില താഴേക്ക് വരാതിരിക്കാൻ പ്രധാന കാരണം. സപ്ളൈകോയ്ക്കു നല്‌കാൻ സർക്കാരിന്റെ പക്കൽ പണമില്ല. നേരത്തെയുള്ള കുടിശികയും അതേപടി നില്‌ക്കുകയാണ്. ഓണത്തിന് രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ഈ നില തുടർന്നാൽ സാധാരണക്കാരുടെ ഓണം വൻ വിലക്കയറ്റത്തിന്റെ പിടിയിലാകുമെന്നു തീർച്ചയാണ്.
പൊതുവിപണിയിലെ പൊള്ളുന്ന വിലക്കയറ്റത്തിൽ കുടുംബ ബഡ്‌ജറ്റ് താളം തെറ്റിയിട്ട് ആഴ്ചകളായി. ഓണനാളുകളിലെങ്കിലും ഈ സ്ഥിതിക്കു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്താകുമോ എന്ന ശങ്കയിലാണ് ജനം. ഈ നാളുകളിൽ ഉൗർജ്ജസ്വലമായി രംഗത്തിറങ്ങേണ്ട ഭക്ഷ്യ - സിവിൽ സപ്ളൈസ്, ധനവകുപ്പ് കനിയുന്നതും കാത്തിരിക്കുകയാണ്. ധനവകുപ്പാകട്ടെ കണ്ണു തുറക്കുന്നുമില്ല. നാലായിരത്തിലധികം കോടി രൂപയാണ് സർക്കാർ സപ്ളൈകോയ്ക്കു കുടിശികയിനത്തിൽ നല്‌കാനുള്ളത്. കർഷകരിൽ നിന്ന് നെല്ലെടുക്കാനും റേഷൻകടകൾ വഴി കിറ്റ് നല്കാനും സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുമെല്ലാം സർക്കാർ ചുമതലപ്പെടുത്തുന്നത് സപ്ളൈകോയെയാണ്. സപ്ളൈകോ സ്റ്റോറുകളിലൂടെ സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ വില്‌ക്കുന്ന ഇനത്തിലും വലിയ തുക ധനവകുപ്പിൽനിന്ന് നല്‌കാനുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇതൊക്കെ തടഞ്ഞുവച്ചിരിക്കുകയാണ്. എന്തിന്റെ പേരിലായാലും വിലക്കയറ്റം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യവകുപ്പിനു നല്‌കാനുള്ള കുടിശികയുടെ ഒരു ഭാഗമെങ്കിലും ഉടനടി നല്‌കണം. ഓണച്ചന്തകൾ ഈ മാസം 18 മുതൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യവകുപ്പ്. ചന്തകൾ സജീവമാകണമെങ്കിൽ ആവശ്യത്തിന് എല്ലാ സാധനങ്ങളുടെയും സ്റ്റോക്കുണ്ടാകണം. ഈ ഒരാഴ്ചകൊണ്ട് എല്ലാ സാധനങ്ങളുടെയും മതിയായ സ്റ്റോക്ക് ഉറപ്പാക്കുക അത്ര എളുപ്പമല്ല.
സപ്ളൈകോ സ്റ്റോറുകളിൽ ഒരു സാധനവുമില്ലെന്ന് ആക്ഷേപമുള്ളത് പ്രതിപക്ഷ എം.എൽ.എമാർക്കു മാത്രമല്ലെന്ന് ഭക്ഷ്യമന്ത്രിയും സർക്കാരും മനസിലാക്കണം. സാധനങ്ങൾ വാങ്ങാനായി അവിടെ എത്തുന്നവരെല്ലാം ഒരേസ്വരത്തിൽ പറയുന്ന കാര്യമാണത്. വിലവിവര പട്ടിക രേഖപ്പെടുത്തുന്ന സിവിൽ സപ്ളൈസ് ബോർഡിൽ സാധനങ്ങൾക്ക് നേരെ ഇല്ല, ഇല്ല എന്നു രേഖപ്പെടുത്തിയതിന്റെ പേരിൽ സ്റ്റോറിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. 'ഇല്ലാ" ബോർഡ് സർക്കാരിന് അവമതിയുണ്ടാക്കിയെന്നത് നേരാകാം. പക്ഷേ യാഥാർത്ഥ്യമാണത്. കടയ്ക്കുള്ളിൽ ഉഴുന്നും പയറും അരിയും പഞ്ചസാരയുമൊന്നും സ്റ്റോക്കില്ലെങ്കിൽ ജീവനക്കാർ ഇങ്ങനെയല്ലാതെ മറ്റെന്തു ചെയ്യാനാണ്. ഓണനാളുകളിലെ വിലക്കയറ്റം തടഞ്ഞുനിറുത്താൻ അങ്ങേയറ്റം ഫലപ്രദമായ വിപണി ഇടപെടലല്ലാതെ മറ്റൊരു വഴിയുമില്ല. അതിനുള്ള പണം അനുവദിക്കാൻ ധനവകുപ്പ് തയ്യാറായേ മതിയാവൂ. വില നിയന്ത്രണം സർക്കാർ വിചാരിച്ചാൽ മാത്രം സാധിക്കാവുന്ന കാര്യമാണ്. ഒഴികഴിവു പറഞ്ഞ് ആ വലിയ ഉത്തരവാദിത്വത്തിൽ നിന്ന് ആരും ഒഴിഞ്ഞുമാറരുത്.