 സാമൂഹികക്ഷേമ പെൻഷൻ ആശയക്കുഴപ്പം സൃഷ്ടിച്ച ഉത്തരവ് പിൻവലിച്ചു

Tuesday 09 July 2019 1:15 AM IST
കേരളകൗമുദിയിൽ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത

തൃശൂർ: സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിലെ അനർഹരെ ഒഴിവാക്കാൻ ഒടുവിൽ പുറത്തിറക്കിയ ഉത്തരവും സർക്കാർ പിൻവലിച്ചു. ഭൗതിക സാഹചര്യം വിലയിരുത്താൻ സർക്കാർ തയ്യാറാക്കിയ ഏഴിന നിർദ്ദേശങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാർ വ്യാപക പരാതി ഉന്നയിച്ചതിനെ തുടർന്നാണിത്. ഈ മാസം അഞ്ചിന് പുതിയ ഉത്തരവിറക്കി, തൊട്ടടുത്ത ദിവസം പിൻവലിച്ചു. ഇന്നലെയാണ് വിവരം തദ്ദേശസ്ഥാപനങ്ങളിലെത്തിയത്. ആശയക്കുഴപ്പം സൃഷ്ടിക്കുന്ന, വിവാദമായേക്കാവുന്ന ഉത്തരവ് സംബന്ധിച്ച് ഇന്നലെ കേരളകൗമുദി വാർത്ത നൽകിയിരുന്നു. സാമൂഹിക പെൻഷനിലെ അനർഹരെ ഒഴിവാക്കുന്നതിനടക്കം ഇതുവരെ പത്തിലധികം ഉത്തരവാണ് പുറത്തിറക്കിയത്. വ്യക്തമായ പ്‌ളാനിംഗില്ലാതെ പുറത്തിറക്കിയ ഉത്തരവിൽ അർഹരായ പലരും പട്ടികയിൽ നിന്ന് പുറത്തായി. വ്യാപകമായ പരാതി ഉയരുമ്പോൾ വീണ്ടും ഉത്തരവിൽ മാറ്റം വരുത്തും. ഒരിക്കൽ പട്ടികയിൽ നിന്ന് പുറത്തായാൽ തിരിച്ചുകയറണമെങ്കിൽ വീണ്ടും അപേക്ഷ നൽകണം. ഇതു പലപ്പോഴും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഗുണഭോക്താക്കളും തമ്മിലുള്ള തർക്കത്തിനാണ് വഴിതെളിക്കുന്നത്.

ആശയക്കുഴപ്പം സൃഷ്ടിച്ച ഏഴിന നിർദ്ദേശങ്ങൾ

അപേക്ഷകൻ താമസിക്കുന്ന വീടിന്റെ വലുപ്പം

താമസിക്കുന്ന വീട് കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയതും ആധുനിക രീതിയിൽ ഫ്‌ളോറിംഗ് ചെയ്തതുമാണോ

കുടുംബാംഗങ്ങളുടെ കൈവശമുള്ള ഭൂമി

വീട്ടിൽ ആധുനിക വീട്ടുപകരണങ്ങളായ എ.സി, വാഷിംഗ് മെഷീൻ, എൽ.ഇ.ഡി ടെലിവിഷൻ മുതലായവയുണ്ടോ

കുടുംബാംഗങ്ങൾ എ.സി. വാഹനം ഉപയോഗിക്കുന്നുണ്ടോ

കുടുംബാംഗങ്ങളുടെ ജീവിത നിലവാരം

സമൂഹത്തിലെ അവരുടെ സ്ഥാനം.