മണിപ്പൂരിലെ വിവരങ്ങൾ പ്രധാനമന്ത്രി നിരന്തരം അന്വേഷിക്കുന്നു; പുലർച്ചെ നാലിന് വരെ വിളിച്ചെന്ന് അമിത് ഷാ

Thursday 10 August 2023 10:40 AM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്നലത്തെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ലോക്‌സഭാ രേഖകളിൽ നിന്ന് നീക്കി. രാജ്യദ്രോഹി, ഹത്യ, കൊലപാതകം തുടങ്ങിയ വാക്കുകളാണ് രേഖകളിൽ നിന്നെടുത്തുമാറ്റിയത്. ഇതിനെതിരെ കോൺഗ്രസ് എം പിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും.


മോദി സർക്കാരിനെതിരായ രാഹുലിന്റെ പ്രസംഗത്തിൽ ഇരുപത്തിനാലിടങ്ങളിലാണ് തിരുത്തൽ വരുത്തിയത്. രാഹുലിന്റെ പ്രസംഗം ബി ജെ പിയെ ഭയപ്പെടുത്തിയെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. അതേസമയം, മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ഇടപെട്ടിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. പുലർച്ചെ നാല് മണിക്കും, ആറരയ്ക്കുമെല്ലാം പ്രധാനമന്ത്രി തന്നെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടർച്ചയായ മൂന്ന് ദിവസം മുഴുവൻ സമയവും മണിപ്പുരിനുവേണ്ടി തങ്ങൾ പ്രവർത്തിച്ചു. 16 വിഡിയോ കോൺഫറൻസ് ചേർന്നു. സംഭവത്തിൽ 14,898 പേരെ അറസ്റ്റ് ചെയ്തു, 1106 എഫ്‌.ഐ.ആറുകൾ ഫയൽ ചെയ്‌തുവെന്നും അമിത് ഷാ അറിയിച്ചു.

മണിപ്പൂരിൽ അക്രമങ്ങൾ കുറഞ്ഞുവരികയാണെന്നും വിഷയം രാഷ്‌ട്രീയവത്‌കരിച്ച് എരിതീയിൽ എണ്ണയൊഴിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭയിൽ അവിശ്വാസപ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ വിശ്വാസമുള്ളതിനാൽ അവിശ്വാസ പ്രമേയം വിലപ്പോകില്ലെന്നും അമിത് ഷാ പറഞ്ഞു.