അന്ന് ബ്രായ്ക്കുള്ളിൽ ,​ ഇന്ന് പോക്കറ്റിൽ ,​ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് 14 പാമ്പുകളെ ,​ യുവാവ് കുടുങ്ങിയതിങ്ങനെ

Thursday 10 August 2023 10:42 PM IST

ബെയ്‌ജിംഗ് : ജീവനുള്ള 14 പാമ്പുകളെ പോക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിലായി. തെക്കു കിഴക്കൻ ചൈനയിലെ ഷെൻഷെൻ നഗരത്തിലാണ് സംഭവം. ചൈന - ഹോങ്കോംഗ് അതിർത്തിയിലുള്ള ഫ്യൂഷ്യൻ തുറമുഖത്തെത്തിയ കപ്പൽ യാത്രക്കാരന്റെ അസ്വാഭാവികമായ നടത്തത്തിൽ സംശയം തോന്നി കസ്റ്രംസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന യുവാവിനെ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് പോക്കറ്റിലും സോക്സിലും ഒളിപ്പിച്ച നിലയിൽ പാമ്പുകളെ കണ്ടെത്തിയത്. 12 പാമ്പുകളെയാണ് പിടികൂടിയത്. പിന്നീട് ഇയാൾ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രത്തിൽ നിന്ന് രണ്ടു പാമ്പുകളെയും കണ്ടെടുത്തു. 14 പാമ്പുകളിൽ മൂന്നെണ്ണം റോയൽ പൈത്തണുകൾ എന്നറിയപ്പെടുന്ന ബോൾ പെരുമ്പാമ്പുകളാണ്,​ വംശനാശ ഭീഷണി നേരിടുന്ന ഇവ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ചുവപ്പ് പട്ടികയിൽപ്പെട്ടതാണ്.

കഴിഞ്ഞ മാസം ഇതേ തുറമുഖത്ത് വച്ച് ഒരു സ്ത്രീ ജീവനുള്ള കോൺ സ്നേക്കിനെ ബ്രായ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചിരുന്നു. അതിർത്തി കടക്കുന്നതിനിടെ സ്ത്രീയെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു,​. ശരീര പരിശോധന നടത്തിയപ്പോഴാണ് ബ്രായ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ അഞ്ച് പാമ്പുകളെ കണ്ടെത്തിയത്.