അവൾക്കൊപ്പമുള്ള ദിവസങ്ങളിൽ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വായിൽ രക്തം നിറയും, കാരണം ദുർമന്ത്രവാദം; ഓയോ റൂമിൽവച്ച് തന്നെ കൊന്നേക്കൂവെന്ന് രേഷ്മ പറഞ്ഞിരുന്നെന്ന് നൗഷാദ്

Friday 11 August 2023 10:58 AM IST

കൊച്ചി: ക്രൂരമായ മാനസിക, ശാരീരികപീഡനങ്ങൾക്ക് ശേഷമാണ് ചങ്ങനാശേരി വാലുമ്മച്ചിറ ചീരംവേലിൽ രേഷ്‌മ രവിയെ (28) കോഴിക്കോട് ബാലുശേരി തലയാട് തോട്ടത്തിൽ നൗഷാദ് (30) ഹോട്ടൽ മുറിയിൽ കുത്തിക്കൊലപ്പെടുത്തിയത്. വിചാരണചെയ്ത് കഴുത്തിൽ കുത്തിയത് ഇയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.

ബുധനാഴ്ച രാത്രി 8.40നാണ് പൊറ്റക്കുഴി മദ്രസ ലെയിനിലെ കൈപ്പള്ളി ഓയോ അപ്പാർട്ട്മെന്റിൽ രേഷ്‌മ കൊല്ലപ്പെട്ടത്. ഹോട്ടലിലെ കെയർടേക്കറായ നൗഷാദാണ് കൊലപാതകം നടത്തിയത്. കൊല്ലുന്നതിനുമുമ്പ് രേഷ്‌മയെ വിചാരണചെയ്യുന്ന രംഗം ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കഴുത്തിലും ശരീരത്തിലും നിരവധി കുത്തുകളേറ്റിട്ടുണ്ട്. കുത്താൻ ഉപയോഗിച്ച കത്തി ഹോട്ടലിന് സമീപത്തെ വീട്ടുവളപ്പിൽനിന്ന് പൊലീസ് കണ്ടെടുത്തു.

ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത് ദൃശ്യങ്ങളിലുണ്ട്. തന്നെ കൊന്നേക്കൂവെന്ന് തർക്കത്തിനിടയിൽ രേഷ്‌മ പറയുന്നുണ്ട്. തുടർന്നാണ് കഴുത്തിൽ കത്തിയുപയോഗിച്ച് പലതവണ കുത്തിയത്. തന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് കൂട്ടുകാരോട് മോശമായി രേഷ്‌മ പറഞ്ഞെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. രേഷ്‌മ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്നും ഇയാൾ പറഞ്ഞു. തന്റെ ശാരീരിക വൈകല്യങ്ങളുടെ കാരണം അതാണെന്നും രേഷ്മ കൂടെയുള്ളപ്പോൾ രാത്രി ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വായിൽ രക്തം നിറയുമായിരുന്നെന്നും പ്രതി മൊഴി നൽകി. മദ്യവും മറ്റു ലഹരിവസ്തുക്കളും ഇയാൾ ഉപയോഗിച്ചിരുന്നു. കൊലപാതകം നടത്തുമ്പോഴും പിടികൂടുമ്പോഴും ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഏതാനുംവർഷംമുമ്പ് സാമൂഹികമാദ്ധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ ഇടയ്ക്ക് വഴക്കിടാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. സ്വകാര്യ ലബോറട്ടറിയിൽ ജോലിചെയ്യുകയായിരുന്നു രേഷ്‌മ. മൂന്നുവർഷമായി എറണാകുളത്താണ് താമസിച്ചിരുന്നത്. തങ്കമ്മയാണ് മാതാവ്. സഹോദരൻ രാകേഷ്. സംസ്‌കാരം ഇന്നുച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.