ആരാധകർ 'ജയിലർ' ആഘോഷിക്കുമ്പോൾ രജനി നാട്ടിലില്ല; പതിവ് തെറ്റിക്കാതെ ദളപതി അങ്ങ് ദൂരെ

Saturday 12 August 2023 12:14 PM IST

നെൽസൺ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് അറിയിച്ച രജനി ചിത്രം ജയിലർ തിയേറ്ററുകൾ ഇളക്കിമറിച്ച് കുതിപ്പ് തുടരുകയാണ്. രജനി ഫോർമുലയിൽ എത്തിയ ചിത്രത്തിൽ മോഹൻലാലും വിനായകനും ശിവരാജ് കുമാറും ഗംഭീര പ്രകടനം കാഴ്‌ചവയ്ക്കുന്നുണ്ട്. അതേസമയം, ചിത്രത്തിന്റെ വമ്പൻ വിജയം ആരാധകർ ആഘോഷിക്കുമ്പോൾ ദളപതി രജനി നാട്ടിലെങ്ങുമില്ല. രജനീകാന്തിന്റെ ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

സുഹൃത്തുക്കൾക്കൊപ്പം നദീതീരത്ത് നിൽക്കുന്ന രജനിയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ ഡെറാഡൂൺ എയർപോട്ടിൽ രജനീകാന്ത് വന്നിറങ്ങുന്ന വീഡിയോ വൈറലായിരുന്നു. ബുധനാഴ്‌ച രാവിലെയാണ് താരം ഹിമാലയത്തിലേയ്ക്ക് പുറപ്പെട്ടത്. തന്റെ മിക്കവാറും സിനിമകളുടെയും റിലീസിന് മുൻപായി താരം ഹിമാലയം സന്ദർശിക്കാറുണ്ട്. സമീപകാലത്ത് കൊവിഡ് മൂലവും ആരോഗ്യപ്രശ്‌നങ്ങൾ കാരണവും ഈ യാത്ര മുടങ്ങിയിരുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് സിനിമാ റിലീസിനോടനുബന്ധിച്ച് രജനി ഹിമാലയത്തിലേയ്ക്ക് യാത്ര പോയിരിക്കുന്നത്.

അതേസമയം, റെക്കാഡുകൾ പിടിച്ചടക്കാനുള്ള കുതിപ്പിലാണ് ജയിലർ. ആദ്യദിനം ലോകമൊട്ടാകെ വാരിക്കൂട്ടിയത് 95 കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് 65 കോടി. കേരളത്തിലെ 309 കേന്ദ്രങ്ങളിൽ നിന്നായി ആദ്യദിന കളക്ഷൻ ആറ് കോടി കടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. തമിഴ് നാട്ടിൽ നിന്ന് 29 കോടിയാണ് നേടിയത്.

കർണ്ണാടകയിൽ 11.95 കോടിയും നേടി. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനി നിറഞ്ഞാടുന്ന ചിത്രം സംവിധായകൻ നെൽസന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. തമന്നയാണ് ജയിലറിലെ നായിക. രമ്യാകൃഷ്ണൻ, ജാക്കി ഷ്റോഫ്, യോഗി ബാബു, സുനിൽ തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീഗോകുലം മൂവീസാണ് കേരളത്തിൽ ജയിലറിന്റെ വിതരണം.