നിയമങ്ങളുടെ പേരുമാറ്റം, ഹിന്ദി അടിച്ചേൽപ്പിക്കുന്നു: ഡി.എം.കെ
Sunday 13 August 2023 12:25 AM IST
ചെന്നൈ: ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകൾക്ക് ഹിന്ദി പേരുകൾ നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ.
ബില്ലുകളുടെ പേരുകൾ ഇംഗ്ലിഷിലേക്കു മാറ്റണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് ഡി.എം.കെ എം.പി വിൽസൻ പറഞ്ഞു. നിർബന്ധിത ഹിന്ദി നടപ്പാക്കരുത്. അത് അടിച്ചേൽപ്പിക്കുന്നതു ഭരണഘടനാവിരുദ്ധമാണ്.
രാജ്യത്ത് നിരവധി ഭാഷകളുണ്ട്, ഇംഗ്ലിഷ് പൊതുവായി എല്ലാവരും ഉപയോഗിക്കുന്നു. ബില്ലുകൾ ഹിന്ദിയിലാണ്. ഏതു ബില്ലാണിതെന്ന് ആളുകൾക്ക് മനസ്സിലാവില്ല. ഉച്ചരിക്കാനും പ്രയാസമാണ്. നിയമങ്ങളുടെ പേരുകൾ ഹിന്ദിയിലാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കഴിഞ്ഞ ദിവസം വിമർശനം ഉയർത്തിയിരുന്നു.