മിനിട്ടുകൾക്കകം 20000 അടി താഴ്‌ന്നുപറന്ന് വിമാനം; ഭയപ്പെടുത്തുന്ന അനുഭവമെന്ന് യാത്രക്കാ‌ർ, സംഭവിച്ചത് ഇങ്ങനെ

Monday 14 August 2023 7:54 AM IST

ഫ്ളോറിഡ: യാത്രയ്‌ക്കിടെ മിനിട്ടുകളുടെ വ്യത്യാസത്തിൽ 15,000 അടിയോളം താഴേക്ക് പതിച്ച് യാത്രാവിമാനം. അമേരിക്കയിലെ നോർത്ത് കരോലൈനയിൽ ഗെയ്‌നെസ്വില്ലെയിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനമാണ് പ്രതിസന്ധിയിൽ പെട്ടത്.

വായുസമ്മർദ്ദ പ്രശ്‌നത്തെ തുടർന്നാണ് മൂന്ന് മിനിട്ടിൽ വിമാനത്തിന് 15,000 അടി താഴ്‌ന്ന് പറക്കേണ്ടി വന്നത്. 11 മിനിട്ടിനിടെ വിമാനം 20.000 അടിയോളം താഴേക്ക് പതിച്ചു. 43 മിനിട്ട് വേണ്ട യാത്രയിൽ ആദ്യ ആറ് മിനിട്ടിൽ തന്നെ 18,600 അടിയിലേക്ക് വിമാനം താഴ്‌ന്നു. ഇതോടെ യാത്രക്കാർ ഒന്നടങ്കം പരിഭ്രാന്തരായി. ചിലർ സംഭവത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

ഫ്ളോറിഡ സർവകലാശാലയിലെ പ്രൊഫസറും വിമാനത്തിലെ യാത്രക്കാരനുമായിരുന്ന ഹാരിസൺ ഹോവ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ. 'ഭയപ്പെടുത്തുന്ന സംഭവമാണുണ്ടായത്. ഫോട്ടോകൾക്ക് തീ കത്തുന്ന മണവും പൊട്ടിത്തെറി ശബ്‌ദവും പിടിച്ചെടുക്കാൻ ആകില്ല. നിരവധി വിമാനയാത്ര ചെയ്‌തയാളാണ് ഞാൻ. നമ്മുടെ വിമാനജീവനക്കാർക്ക് അഭിനന്ദനങ്ങൾ'. ഓഗസ്‌റ്റ് 10ന് നടന്നതാണ് സംഭവം. വിമാനം പിന്നീട് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തു തന്നെ ഇറങ്ങിയതായാണ് വിവരം.