ഇന്ത്യയുടെ കരുത്തെന്തെന്ന് ചൈന അറിഞ്ഞ നിമിഷങ്ങൾ, ഗാൽവനിൽ നുഴഞ്ഞുകയറിയവർ ഉയിരും കൊണ്ടോടിയതിന് പിന്നിൽ

Monday 14 August 2023 9:59 AM IST

ന്യൂഡൽഹി:അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിൽ 2020 ജൂണിൽ ചൈന അതിക്രമിച്ചു കയറിയതിന് തൊട്ടുപിന്നാലെ ഇന്ത്യ മിന്നൽ വേഗത്തിൽ യുദ്ധസന്നാഹം നടത്തിയിരുന്നതായി പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തി.

അതേസമയം, ഇന്ത്യ - ചൈന മിലിട്ടറിതല ചർച്ച ഇന്ന് നടക്കുകയാണ്. 19ാമത് കോർ കമാൻഡർ ചർച്ച അതിർത്തിയിലെ ചുഷുലിലാണ് നടക്കുന്നത്.

ഗാൽവനിൽ ചൈന അതിസാഹസം കാട്ടിയപ്പോൾ എന്തും നേരിടാനുള്ള ഒരുക്കത്തിലായിരുന്നു ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 68,​000 സൈനികരെയും 9000 ടൺ യുദ്ധസാമഗ്രികളുമാണ് മണിക്കൂറുകൾക്കകം കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം എത്തിച്ചത്. വ്യോമസേനയുടെ കൂറ്റൻ ട്രാൻസ്‌പോർട്ട് വിമാനങ്ങളായ സി 130 ജെ സൂപ്പർ ഹെർക്കുലിസ്,​ സി - 17 ഗ്ലോബ് മാസ്റ്റർ എന്നിവയാണ് പ്രത്യേക ഓപ്പറേഷന് ഉപയോഗിച്ചത്. 90 ടാങ്കുകളും, അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും 330 സൈനിക വാഹനങ്ങളും റഡാറുകളും എയർലിഫ്റ്റ് ചെയ്തു.

2001ഡിസംബറിലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് അതിർത്തിയിൽ നടത്തിയ ഓപ്പറേഷൻ പരാക്രമത്തിന് തുല്യമായിരുന്നു ഗാൽവൻ സേനാവിന്യാസം.

ഇപ്പോൾ ഇന്ത്യയും ചൈനയും 60,​000 സൈനികരെ വീതമാണ് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.

ഇന്ത്യയുടെ നീക്കങ്ങൾ

 വ്യോമസേനയുടെ എസ്.യു 30 എം.കെ.ഐ, ജാഗ്വാർ ജെറ്റ് വിമാനങ്ങൾ അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണപ്പറക്കൽ നടത്തി

ഡ്രോണുകൾ ഉപയോഗിച്ച് ചൈനീസ് സേനയെ നിരന്തരം നിരീക്ഷിച്ചു.

റാഫേൽ, മിഗ് - 29 വിമാനങ്ങളും വിന്യസിച്ചു