ആർ ജെ രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവാസിയായ അബ്ദുൾ സത്താറിന്റെ ഭാര്യയുമായുള്ള അടുപ്പം; രണ്ട് പ്രതികൾ കുറ്റക്കാർ, ശിക്ഷ ബുധനാഴ്‌ച

Monday 14 August 2023 2:28 PM IST

തിരുവനന്തപുരം: ആർ ജെ രാജേഷ് വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്നാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.

കേസിൽ നാല് മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 2018 മാർച്ച് 27നാണ് മുൻ റേഡിയോ ജോക്കിയായിരുന്ന മടവൂർ പടിഞ്ഞാറ്റേൽ ആശാഭവനിൽ രാജേഷ് കൊല്ലപ്പെട്ടത്. ക്വട്ടേഷൻ സംഘമാണ് ഇയാളെ വെട്ടിക്കൊന്നത്. സംഭവത്തിൽ രാജേഷിന്റെ സുഹൃത്തിനും പരിക്കേറ്റിരുന്നു.

പ്രവാസി വ്യവസായിയായിരുന്ന അബ്ദുൾ സത്താറാണ് കേസിലെ ഒന്നാം പ്രതി. ഇയാളെ ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. രാജേഷ് മുൻപ് ഖത്തറിൽ ജോലി ചെയ്തിരുന്നു. ഈ സമയത്ത് അബ്ദുൾ സത്താറിന്റെ ഭാര്യയുമായി അടുപ്പമുണ്ടായി. ഇതോടെ കടുബം തകർന്നു. ഈ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ടാപ്രതിയായ മുഹമ്മദ് സ്വാലിഹ് സത്താറിന്റെ ജീവനക്കാരനാണ്. കൃത്യം നടത്താനായി ഇയാൾ ഖത്തറിൽ നിന്ന് കേരളത്തിലെത്തുകയും ക്വട്ടേഷൻ സംഘത്തെ സമീപിക്കുകയുമായിരുന്നു.