ഒരു മാസത്തെ മഴ ഒറ്റ ദിവസത്തിൽ പെയ്തു വാഷിംഗ്ടണിൽ വെള്ളപ്പൊക്കം; വൈറ്റ് ഹൗസിലും വെള്ളം കയറി

Tuesday 09 July 2019 10:53 PM IST

വാഷിംഗ്ടൺ: ഒരുമാസം പെയ്യേണ്ട മഴ ഒറ്റദിവസം നിറുത്താതെ പെയ്തതോടെ വാഷിംഗ്ടൺ ഡി.സിയിൽ വെള്ളപ്പൊക്കം. തിങ്കളാഴ്ച പെയ്ത മഴയെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയായ വൈറ്റ് ഹൗസിൽ വെള്ളം കയറി. പലയിടത്തും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. റെയിൽ, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കയാണ്. ജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. പോടോമാക് നദി കരകവിഞ്ഞു.

വൈറ്റ് ഹൗസിന്റെ ബേസ്‌മെന്റിൽ മാദ്ധ്യമ പ്രവർത്തകർക്കുള്ള വെസ്റ്റ് വിംഗ് ഏരിയയിലാണ് വെള്ളം കയറിയത്. നിരവധി വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. വാഷിംഗ്ടണിലെ നാഷണൽ ആർച്ചീവ് ബിൽഡിംഗ്, പ്രമുഖ മ്യൂസിയങ്ങൾ, സ്‌മാരകങ്ങൾ എന്നിവ താത്കാലികമായി അടച്ചിരിക്കുകയാണ്. സമീപ സംസ്ഥാനങ്ങളായ മേരിലാന്റ്, വിർജീനിയ പ്രദേശങ്ങളിലും വെള്ളപ്പൊക്ക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വാഷിംഗ്ടണിലെ പ്രധാന മെട്രോ സ്റ്റേഷനുകളും പാർക്കിംഗ് ഏരിയകളും മറ്റും വെള്ളത്തിൽ മുങ്ങി. പോടോമാക് നദി കരകവിഞ്ഞതാകാം വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

 1871ന് ശേഷം അമേരിക്ക ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന അഞ്ചാമത്തെ ജൂലായിലൂടെയാണ് കടന്നുപോകുന്നതെന്ന് അമേരിക്കൻ കാലാവസ്ഥ വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.