കേന്ദ്രത്തിൽ പിടിയുണ്ട്, മദ്യവ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിയത് 65 ലക്ഷം രൂപ; മലയാളി യുവാവും പങ്കാളിയും പിടിയിൽ

Tuesday 15 August 2023 10:47 AM IST

കൊല്ലം: വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയ മലയാളി യുവാവും പങ്കാളിയും പിടിയിൽ. തൃശൂർ സ്വദേശി സുബീഷ് (31), ഹൈദരാബാദ് ബിലേക്കഹള്ളി സ്വദേശിനി ശിൽപ ബാബു (27) എന്നിവരാണ് പിടിയിലായത്. മദ്യവ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്.

തനിക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വർഷമാണ് വ്യാപാരി ഇവർക്ക് പണം നൽകിയത്. മദ്യം ഇറക്കുമതി ചെയ്ത്, വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്ന ബിസിനസിൽ പങ്കാളിയാക്കാമെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്.

ഒരു വർഷം പിന്നിട്ടിട്ടും പണം കിട്ടാതായതോടെയാണ് ഹൈദരാബാദ് സ്വദേശിയായ വ്യാപാരി പൊലീസിൽ പരാതി നൽകിയത്. കൊല്ലം കരുനാഗപ്പള്ളിൽ വച്ചാണ് ഇരുവരും പിടിയിലായത്. ബംഗളൂരു അടക്കമുള്ള സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്.