മകനെ കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തളളി, പിതാവ് അറസ്റ്റിൽ

Wednesday 16 August 2023 11:27 AM IST

അമൃത്‌സർ: മൂന്ന് വയസുളള മകനെ കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തളളിയ പിതാവിനെ പൊലീസ് അറസ്​റ്റ് ചെയ്തു. തരൺ സ്വദേശി അംഗ്രേസ് സിംഗാണ് പിടിയിലായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അംഗ്രേസ് തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ദിവസം മകനുമായി തന്റെ പട്ടണത്തിലെ ഒരു ഗുരുദ്വാരയിൽ പോയിരുന്നു എന്നും ചിലർ തന്റെ ഫോണും പേഴ്സും ബലം പ്രയോഗിച്ച് എടുത്ത് മകനെ തട്ടിക്കൊണ്ട് പോയി എന്നുമാണ് അംഗ്രേസ് പൊലീസിന് നൽകിയ മൊഴി. ഇതിനെ തുടർന്ന് തരൺ പൊലീസ് ഒരാളെ അറസ്​റ്റ് ചെയ്തിരുന്നു.

എന്നാൽ അംഗ്രേസിന്റെ മൊഴികൾ പരസ്പര വിരുദ്ധമാണെന്ന് തെളിഞ്ഞതായി സ്​റ്റേഷൻ ഇൻചാജ് സുഖ്ബീർ സിംഗ് പറഞ്ഞു. തുടർന്നുളള ചോദ്യം ചെയ്യലിലാണ് മകനെ കൊന്ന് മൃതദേഹം കനാലിൽ തളളുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചത്. കുട്ടിയുടെ മൃതദേഹം കനാലിൽ നിന്നും പൊലീസ് കണ്ടെത്തി.മോഷണം പോയെന്ന് പറഞ്ഞ ഫോണും പേഴ്സും പൊലീസ് കണ്ടെടുത്തു.

മൃതദേഹം പോസ്​റ്റ്‌മോർട്ടത്തിനായി അമൃത്സറിൽ അയച്ചു എന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ഗുർമീത് സിംഗ് ചൗഹാൻ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല എന്നും അന്വേഷണം നടക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.