കടുവാ സങ്കേതത്തോട് ചേർന്നുകിടക്കുന്ന 495 കുടുംബങ്ങളെയും ഉടൻ മാറ്റിപാർപ്പിക്കണം, ഭയമില്ലാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശമുണ്ട്:നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: കടുവാ സങ്കേതത്തോട് ചേർന്നുള്ള ഗ്രാമത്തിൽ നിന്നും മുഴുവൻ മനുഷ്യരെയും ഒഴിപ്പിച്ച് പുനഃരധിവസിപ്പിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഫോറസ്‌റ്റ് ബെഞ്ചാണ് ഉത്തരവിറക്കിയത്. ഭയം കൂടാതെ ജീവിക്കാൻ മൃഗങ്ങൾക്കും അവകാശമുണ്ടെന്ന് കേസിൽ വിധിപറഞ്ഞ ജസ്‌റ്റിസ് എൻ. സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവർ വ്യക്തമാക്കി. എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ സർക്കാരിന് നിയമപരമായ കടമയുണ്ടെന്നും കോടതി ഉത്തരവിൽ സൂചിപ്പിച്ചു.
ഗ്രാമവാസികളെ മാറ്റിപ്പാർപ്പിക്കാൻ അടുത്ത രണ്ട് മാസത്തിനകം ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഉത്തരവനുസരിച്ച് മുതുമല കടുവാ സങ്കേതത്തോട് ചേർന്ന് തമിഴ്‌നാട്ടിലെ തെങ്ങുമറഹദ ഗ്രാമത്തിലെ 495 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. കേന്ദ്ര ഫണ്ടിൽ നിന്ന് 74.25 കോടി രൂപയാണ് ഇതിനായി നൽകേണ്ടി വരിക. രണ്ട് മാസത്തിനകം തുക തമിഴ്‌നാട് വനംവകുപ്പിന് ലഭിച്ചിരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജനങ്ങളെ ഒഴിപ്പിക്കാൻ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെ കോടതി വിമർശിച്ചു. ഓഗസ്‌റ്റ് എട്ടിനാണ് കോടതി ഉത്തരവ് പ്രഖ്യാപിച്ചത്. തമിഴ്‌നാട് വനംവകുപ്പ് 2011ൽ മുതുമലൈയിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നതായും എന്നാൽ ഫണ്ടില്ലാതെ വന്നതിനാൽ നടന്നിരുന്നില്ലെന്നും ഉത്തരവിൽ കോടതി സൂചിപ്പിക്കുന്നുണ്ട്.