ഭാസ്‌കർ ദ റാസ്‌കലിൽ വില്ലൻ ആകേണ്ടിയിരുന്നത് മലയാളികളുടെ പ്രിയ താരം; ഒടുവിൽ തെലുങ്ക് താരത്തെ കൊണ്ടുവന്നത് നടൻ നിരസിച്ചതോടെ
മമ്മൂട്ടിയും - നയൻതാരയും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് 'ഭാസ്‌കർ ദ റാസ്‌കൽ'. തെലുങ്ക് താരം ജെ ഡി ചക്രവർത്തിയാണ് ചിത്രത്തിൽ വില്ലനായെത്തിയത്. സിദ്ദിഖ് ആയിരുന്നു സിനിമയുടെ സംവിധായകൻ. വില്ലൻ വേഷം ചെയ്യാൻ താൻ ആദ്യം സമീപിച്ചത് മലയാളികളുടെ പ്രിയ താരത്തെയാണെന്ന് സിദ്ദിഖ് വെളിപ്പെടുത്തുന്ന പഴയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ജയറാമായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്നാണ് സിദ്ദിഖ് പറഞ്ഞത്. ' കൊച്ചിയിലാണ് ഇതിന്റെ ഷൂട്ടിംഗ് നടന്നത്. നായികയുടെ ആദ്യ ഭർത്താവായ ക്യാരക്ടറിനെ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു. മാഫിയ എന്നത് കളഞ്ഞ്, ഇതൊരു ഫാമിലി ഡ്രാമ ആക്കിയാൽ നന്നായിരിക്കുമെന്നാലോചിച്ചു.
നയൻതാരയുടെ ഭർത്താവായി ജയറാം വരികയാണെങ്കിൽ, പിന്നീട് എന്തോ കാരണത്താൽ ഇവർ തെറ്റിപ്പോകുകയും, വീണ്ടും നായികയുടെ ജീവിതത്തിലേക്ക് വരികയും ചെയ്യുന്ന രീതിയിൽ കഥയാക്കാമെന്ന് വിചാരിച്ചു. ജയറാമിനോട് പറഞ്ഞപ്പോൾ തയ്യാറായില്ല. അങ്ങനെ വീണ്ടും പഴയ മാഫിയ ട്രാക്കിലേക്ക് തന്നെ കഥ വരികയായിരുന്നു. അല്ലെങ്കിൽ സിനിമ വേറെ ട്രാക്കിലേക്ക് വരുമായിരുന്നു.'- സിദ്ദിഖ് പറഞ്ഞു.