ക്ലാസിൽ മോശമായി സംസാരിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് അദ്ധ്യാപകന്റെ ക്രൂരമ‌ർദനം

Wednesday 16 August 2023 12:47 PM IST

കോഴിക്കോട്: ക്ലാസിൽ മോശമായി സംസാരിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സിനാനാണ് മർദനമേറ്റത്. പ്രണവ് എന്ന അദ്ധ്യാപകനാണ് മകനെ മർദ്ദിച്ചതെന്നാണ് കുട്ടിയുടെ അച്ഛന്റെ ആരോപണം.

ക്ലാസിൽ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 14നാണ് അദ്ധ്യാപകൻ കുട്ടിയെ മർദിച്ചത്. വടികൊണ്ട് ശരീരമാകെ മർദിച്ചതായി പിതാവ് പറഞ്ഞു. എന്നാൽ സംഭവത്തിൽ സ്കൂൾ അധികൃതരുടെയോ അദ്ധ്യാപകരുടെയോ പ്രതികരണം ലഭിച്ചിട്ടില്ല.