പാറശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത സംഭവം; സിഐടിയു ബ്രാഞ്ച് അംഗം പിടിയിൽ
തിരുവനന്തപുരം: പാറശാല പൊൻവിളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാൾ പിടിയിൽ. ഷൈജു ഡി എന്നയാളാണ് പാറശാല പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉദ്‌ഘാടനം നിർവഹിച്ച ഉമ്മൻ ചാണ്ടിയുടെ സ്തൂപം ഇന്നലെയാണ് തകർക്കപ്പെട്ടത്. സിഐടിയും പൊൻവിള ബ്രാഞ്ച് അംഗമാണ് ഷൈജു. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് സ്തൂപം അടിച്ചു തകർത്തതാണെന്നാരോപിച്ച് പ്രദേശത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.
നേരത്തേ സമീപത്തുണ്ടായിരുന്ന സിപിഎമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. പ്രദേശത്ത് ഇന്നലെ കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയത് സംഘർഷ സാദ്ധ്യതയും ഉണ്ടാക്കിയിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്. അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സംഭവം രാഷ്ട്രീയമായി ചർച്ചയായിട്ടുണ്ട്. മൺമറഞ്ഞിട്ടും ഉമ്മൻചാണ്ടിയോടുള്ള ജനസ്നേഹം സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സഹതാപമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ നീക്കമെന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടത് അനുകൂലികൾ പോസ്റ്റിട്ടിരിക്കുന്നത്.