നിർണായക ഘട്ടം വിജയകരം, ലാൻഡർ വേർപിരിഞ്ഞു; ചന്ദ്രയാൻ ചന്ദ്രനെ തൊടാൻ ഇനി ഏഴ് ദിനങ്ങൾ മാത്രം

Thursday 17 August 2023 3:38 PM IST

ചെന്നെെ: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ നിർണായക ഘട്ടമായ പ്രൊപ്പൽഷൻ മൊഡ്യൂൾ - ലാൻഡർ വേർപിരിയൽ വിജയകരം. ചന്ദ്രയാൻ വിക്ഷേപിച്ച് 33 ദിവസത്തിനുശേഷമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിനെ വിട്ട് ലാൻഡർ തനിയെ ചന്ദ്രനിലേയ്ക്കുള്ള യാത്ര തുടങ്ങിയത്.

ഇതോടെ ചന്ദ്രനിലേയ്ക്ക് ഇറങ്ങാനുള്ള തയാറെടുപ്പുകൾ ലാൻഡർ ആരംഭിച്ചു. ലാൻഡർ ചന്ദ്രനിൽ ഇറക്കുക, ലാൻഡറിൽ നിന്ന് റോവറിനെ പുറത്തിറക്കി ചന്ദ്രന്റെ മണ്ണിലൂടെ നടത്തുക. എന്നിവയാണ് ചന്ദ്രയാൻ 3ന്റെ ലക്ഷ്യം. അതിന് ഇനി ഏഴ് ദിവസങ്ങൾ മാത്രം. ആഗസ്റ്റ് 23ന് വൈകിട്ട് 5.45ഓടെ ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ത്രസ്റ്റർ എൻജിൻ ഉപയോഗിച്ചു വേഗം കുറച്ച് താഴേക്കിറങ്ങാനുള്ള ആദ്യ പടി നാളെ നാല് മണിയ്ക്ക് നടക്കും.

ഡീബൂസ്റ്റ് പ്രക്രിയയിലൂടെ ലാൻഡറിനെ ചന്ദ്രന്റെ 30കിലോമീറ്റർ അടുത്തും 100കിലോമീറ്റർ അകലെയുമുളള ദീർഘ വ‌ൃത്ത ഭ്രമണപഥത്തിൽ എത്തിക്കും. ചന്ദ്രനിൽ നിന്ന് 30കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോൾ ലാൻഡറിന്റെ വേഗത കുറച്ച് ലംബമായി നിറുത്തും.പിന്നെ പതിയെ കുത്തനെ ചന്ദ്രനിലേക്ക് ഇറങ്ങും.

ജൂലായ് 14ന് പുറപ്പെട്ട ചന്ദ്രയാൻ 3 ഇന്നലെ 33ാം ദിവസമാണ് ലക്ഷ്യത്തിന് അടുത്തെത്തിയത്. ഇപ്പോൾ ഭൂമിയിൽ നിന്ന് 3.6ലക്ഷം കിലോമീറ്റർ അകലെയാണ്.

വെല്ലുവിളി

ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകർഷണബലം മാത്രമുള്ള ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുക വലിയ വെല്ലുവിളിയാണ്. ചന്ദ്രയാൻ രണ്ട് ഈ ദൗത്യത്തിലാണ് തകർന്നത്. എന്തൊക്കെ സംഭവിച്ചാലും ചന്ദ്രയാൻ 3 സോഫ്റ്റ ലാൻഡിംഗ് നടത്തുമെന്ന ആത്വവിശ്വാസത്തിലാണ് ഐ.എസ്.ആർ.ഒ.

ഇനി മൂന്ന് ചുവടുകൾ

1. ലാൻഡറിനെ ഡീബൂസ്റ്റ് ചെയ്ത് ദക്ഷിണധ്രുവത്തിലേക്ക് അടുപ്പിക്കും

2. ലാൻഡിംഗ് സ്ഥലം നോക്കുക, സിഗ്നൽ മോട്ടോറുകൾ പ്രവർത്തിപ്പിക്കുക

3. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്.