മീറ്റ് പ്രൊഡക്ട്സിലെ പ്രതിസന്ധി
പൊതുമേഖലയിൽ വളരെ നല്ലരീതിയിൽ നടന്നുവന്ന സ്ഥാപനമായിരുന്നു കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ. എം.പി.ഐയുടെ ഉത‌്‌പന്നങ്ങൾക്ക് ആവശ്യക്കാരേറെയായിരുന്നു. ഇവർ വില്‌ക്കുന്ന ചിക്കൻ, ബീഫ്, മട്ടൻ, പോർക്ക്, താറാവ് തുടങ്ങിയവ വിശ്വസിച്ച് വാങ്ങാമായിരുന്നു. വില അല്‌പം കൂടുതലായിരുന്നിട്ടും ഇവരുടെ ഉത്‌പന്നങ്ങൾ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. കേടായതോ രോഗങ്ങൾ ബാധിച്ച മൃഗങ്ങളുടെയോ ഇറച്ചി ഇവർ വില്‌ക്കില്ല എന്നതാണ് ഇവരുടെ ഉത്‌പന്നങ്ങൾക്ക് വിശ്വാസ്യത നേടിക്കൊടുത്തത്.
പൊതുമേഖലയിൽ നല്ല നിലയിൽ തുടങ്ങുന്ന സ്ഥാപനങ്ങൾ വർഷങ്ങൾ പിന്നിടുമ്പോൾ നഷ്ടത്തിലാവുന്നത് പുതിയ കാര്യമല്ല. ആ ദുർവ്വിധി എം.പി.ഐയേയും ബാധിച്ചിരിക്കുന്നു. ഇന്ന് ഈ കമ്പനി 45 കോടിയിലേറെ രൂപയുടെ നഷ്ടത്തിലാണ്. എം.പി.ഐയുടെ 310 വില്‌പനകേന്ദ്രങ്ങളിൽ 60 എണ്ണം പ്രതിസന്ധിയിലാണ്. നൂറോളം ജീവനക്കാർക്ക് മൂന്നുമാസമായി ശമ്പളമില്ല. വിതരണക്കാർക്കും പണം കൊടുക്കുന്നില്ല. ബാങ്ക് ഒഫ് ഇന്ത്യയിൽ നിന്ന് വായ്പയെടുത്ത മൂന്നുകോടി പലിശയുൾപ്പെടെ 3.75 കോടിയായി. ഇതു വീട്ടാൻ കേരള ബാങ്കിൽ നിന്ന് 10.5 ശതമാനം പലിശയ്ക്ക് വായ്പയെടുത്തിരിക്കുകയാണ്. ഇങ്ങനെ പോയാൽ ഈ സ്ഥാപനവും മറ്റൊരു കെ.എസ്.ആർ.ടി.സിയായി മാറാൻ അധികകാലം വേണ്ടിവരില്ല. കെടുകാര്യസ്ഥതയും അശാസ്ത്രീയമായ പരിഷ്‌കാരങ്ങളും പാഴ്‌ച്ചെലവുകളുമാണ് സ്ഥാപനം നഷ്ടത്തിലാകാൻ കാരണമെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. മത്സ്യ മാംസങ്ങൾ വില്‌ക്കുന്ന വിപണി കടുത്ത മത്സരത്തിന്റേതു കൂടിയാണ്. സർക്കാരിന്റെ ഒരു സ്ഥാപനം ഈ രംഗത്ത് ചുവടുറപ്പിക്കുന്നതായി തോന്നിയാൽ അതിനെ തകർക്കാൻ പല ലോബികളും ഒരേസമയം പ്രവർത്തിക്കും.
തുടക്കത്തിൽ കേരളത്തിലെ കർഷകരിൽ നിന്നാണ് കമ്പനി മൃഗങ്ങളെ വാങ്ങിയിരുന്നത്. പിന്നീട് തമിഴ്‌നാട്ടിൽ നിന്ന് മാംസമെത്തിച്ചതോടെ രുചിയില്ലെന്ന് പരാതി വന്നു. അതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ഇത് മറികടക്കാൻ ഉത്തരേന്ത്യയിൽ നിന്ന് ശീതീകരിച്ച മാംസമെത്തിച്ചതോടെ നിലവാരവും വില്പനയും കുത്തനെ ഇടിഞ്ഞു. പന്നിപ്പനിക്കാലത്ത് കർഷകരിൽനിന്ന് പന്നികളെ വാങ്ങിയതും തിരിച്ചടിയായി. ഇതിനിടയിൽ കുളത്തൂപ്പുഴയിൽ പുതിയ പ്ളാന്റ് നിർമ്മിച്ചെങ്കിലും ഒരുവർഷമായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. അതുപോലെതന്നെ കമ്പനിയുടെ പല ഫാമുകളും പ്രവർത്തനരഹിതമാണ്. നല്ല നിലയിൽ നടന്നിരുന്ന ഒരു സ്ഥാപനത്തെ ഇങ്ങനെ നശിക്കാൻ വിട്ടുകൊടുക്കരുത്. കമ്പനി നശിക്കുന്നതിലൂടെ ഇരട്ടി ലാഭം കൊയ്യുന്നവർക്ക് സന്തോഷം തോന്നാം. മറ്റാരും അതിൽ ആഹ്ലാദിക്കില്ല. അതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ സ്ഥാപനത്തെ നല്ല നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രാപ്‌തിയുള്ളവരെ ഏല്പിക്കണം.