അഞ്ച് കേസുകളിൽ പ്രതി, കൈയിലുള്ളത് പതിനായിരം രൂപ മാത്രം, ഭാര്യയ്ക്ക് അരക്കോടിയുടെ ആസ്തി; പുതുപ്പള്ളിയിലെ ബി ജെ പി സ്ഥാനാർത്ഥിയുടെ സ്വത്തുവിവരങ്ങൾ
Friday 18 August 2023 10:21 AM IST
കോട്ടയം: പുതുപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ കൈയിൽ പണമായുള്ളത് 10,000 രൂപ. കെ.എസ്.എഫ്.ഇ ഭരണങ്ങാനം ബ്രാഞ്ചിൽ 4.75 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 5 കേസുകളിൽ പ്രതിയാണെന്നും കടബാദ്ധ്യതകളില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയായ ഭാര്യയുടെ കൈയിൽ പണമായി പതിനായിരം രൂപയും സ്വർണവും സ്ഥിര നിക്ഷേപവും കാറും ഉൾപ്പെടെ 50.64 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. ലിജിന് മൂന്ന് പവൻ സ്വർണവും, ഭാര്യയ്ക്ക് 84 പവൻ സ്വർണാഭരണങ്ങളും. മകനും അമ്മയ്ക്കുമായി 2.76 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമുണ്ട്. ലിജിന് 12 ലക്ഷം രൂപയുടെ ഭൂസ്വത്തും, അമ്മയ്ക്ക് 25 ലക്ഷം രൂപയുടെ ഭൂസ്വത്തുമുണ്ട്. ഭാര്യയുടെ ശമ്പളവും അമ്മയുടെ പെൻഷനുമാണ് പ്രധാന വരുമാനമെന്നും പത്രികയിൽ പറയുന്നു.