ജനറൽ ടിക്കറ്റിൽ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തു; ചോദ്യം ചെയ്ത വനിതാ ടി ടി ഇയുടെ മുഖത്തടിച്ച യാത്രക്കാരൻ പിടിയിൽ

Saturday 19 August 2023 7:22 PM IST

കോഴിക്കോട്: ട്രെയിനിൽ വനിതാ ടി ടി ഇയെ മർദ്ദിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി വടകര സ്വദേശി റെെരുവിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു - ചെന്നെെ എക്സ്‌പ്രസിലാണ് സംഭവം.

വടകരയ്ക്കും കൊയിലണ്ടിക്കും ഇടയിൽ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ഇയാൾ ജനറൽ ടിക്കറ്റ് എടുത്ത ശേഷം റിസർവേഷൻ കോച്ചിലായിരുന്നു യാത്ര ചെയ്തത്. റിസർവ് ചെയ്ത യാത്രക്കാർ എത്തിയപ്പോൾ ടി ടി ഇ റെെരുവിനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ ഇയാൾ സീറ്റിൽ നിന്ന് മാറിയില്ല. പിന്നാലെ ടി ടി ഇയുടെ മുഖത്തടിക്കുകയായിരുന്നു. വണ്ടി കൊയിലണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ കോച്ചിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ്ടും വയോധികൻ ടി ടി ഇയെ ആക്രമിച്ചു. ജനറൽ കംപാർട്‌മെന്റിലേയ്ക്ക് മാറിക്കയറിയ പ്രതിയെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കെെമാറി. മർദനത്തിൽ പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടി.