ഇന്ന് ഗണപതി, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, പിന്നെ നിങ്ങൾ മിത്താണെന്ന് പറയും; ഹിന്ദുവിശ്വാസികൾക്കുള്ള ഏറ്റവും വലിയ പ്രശ്നത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ
താനൊരു വിശ്വാസിയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടക്കുന്ന ദൈവം മിത്താണെന്ന് പറയുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.
"ഹിന്ദുവിശ്വാസികൾക്കുള്ള ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് വച്ചാൽ ഭയങ്കര പേടിയും, ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യാ എന്ന മഹാരാജ്യത്ത് എല്ലാവർക്കും എല്ലാ രീതിയിലുമുള്ള കാര്യങ്ങൾ പറയാനുള്ള അവകാശങ്ങളുണ്ട്. അതാണ് ഭംഗി. പക്ഷേ ആര്, ആർക്കുവേണ്ടിയിട്ടാണ് പറയുന്നതെന്നും, ആരാണ് കേട്ടുകൊണ്ടിരിക്കുന്നതെന്നും നമ്മൾ ചിന്തിക്കണം.
ഞാനൊരു വിശ്വാസിയാണ്. കുറച്ച് സെൻസിറ്റീവ് ആയിരിക്കുന്ന ആളാണ്. കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടുനടക്കുന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ ഇവിടെ ആർക്കും ഒരു വിഷമവും ഇല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാനുൾപ്പടെയുള്ളവരുടെ പരാജയം, നമുക്കിതൊക്കെ ഓക്കെയാണെന്നതാണ്. സൊസൈറ്റിയിൽ നിങ്ങളുടെ അവസ്ഥ എന്താണെന്ന് മനസിലാക്കണം.
ഇന്ന് ഗണപതി മിത്താണെന്ന് പറയും, ഇന്നലെ അയ്യപ്പനെ പറഞ്ഞു, നാളെ കൃഷ്ണൻ മിത്താണെന്ന് പറയും, മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. എല്ലാം കഴിഞ്ഞ് അവസാനം നിങ്ങൾ മിത്താണെന്ന് പറയും. എല്ലാം കേട്ടുകൊണ്ടിരിക്കുക. എനിക്ക് ഒന്നേ പറയാനുള്ളൂ, സാഹചര്യങ്ങൾ മനസിലാക്കി നിങ്ങൾ നിങ്ങളുടെ ആചാരങ്ങളെ മുന്നോട്ടുകൊണ്ടുപോകണം. വേറെ മതത്തിലുള്ള വിശ്വാസികളുടെ ആചാരങ്ങളെയോ, അവരുടെ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ ധൈര്യം പോലുമില്ല. കുറഞ്ഞപക്ഷം അത്തരത്തിലുള്ള രീതിയിൽ നിങ്ങൾ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകണം."- നടൻ പറഞ്ഞു.