തിരുവനന്തപുരത്ത് നടന്ന വി എസ് എസ് സി ടെക്‌നീഷ്യൻ പരീക്ഷയിൽ കോപ്പിയടിയും ആൾമാറാട്ടവും; രണ്ട് പേർ പിടിയിൽ

Sunday 20 August 2023 7:40 PM IST

തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്ററിലെ ( വി എസ് എസ് സി) ടെക്‌നീഷ്യൻ - ബി വിഭാഗം തസ്തികയിലേയ്ക്കുള്ള പരീക്ഷയിൽ കോപ്പിയടി. ഹരിയാന സ്വദേശികളായ സുനിൽ, സുനിത്ത് എന്നിവരാണ് പിടിയിലായത്. പിടിക്കപ്പെട്ടവർ പരീക്ഷ എഴുതിയത് മറ്റ് രണ്ട് പേർക്ക് വേണ്ടിയാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പ്രതികൾ പറഞ്ഞത്.

ഇവർ കോട്ടൺ ഹിൽ, പട്ടം സെന്റ് മേരീസ് സ്കൂളുകളിലാണ് പരീക്ഷയെഴുതിയത്. മൊബെെൽ ഫോണിൽ ചോദ്യപേപ്പർ അയച്ച് നൽകിയ ശേഷം ഉദ്യാേഗാർത്ഥികൾ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു. മൊബെെൽ ഫോൺ അരയിലെ ബെൽറ്റിലാണ് കെട്ടിവച്ചത്. സ്ക്രീൻ വ്യൂവർ വഴിയാണ് ചോദ്യപേപ്പർ ഷെയർ ചെയ്തത്. ചെവിയുടെ അകത്തേയ്ക്ക് കയറ്റിവയ്ക്കാവുന്ന രീതിയിലുള്ളതായിരുന്നു ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ഹരിയാന പൊലീസിന് കെെമാറിയിട്ടുണ്ട്.