വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥന് എതിരെ പോക്‌സോ കേസ്

Monday 21 August 2023 1:42 AM IST

ന്യൂഡൽഹി: 16കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ഡൽഹി വനിതാശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ കേസ്. ഇയാളുടെ ഭാര്യക്കെതിരെയും കേസെടുത്തു. പോക്‌സോ കുറ്റമടക്കം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. പിതാവിന്റെ മരണ ശേഷം പിതാവിന്റെ സുഹൃത്തായ ഉദ്യോഗസ്ഥനൊപ്പമായിരുന്നു കുട്ടി നിന്നിരുന്നത്. മാസങ്ങളോളം ഇയാൾ മാനഭംഗത്തിനിരയാക്കുകയും കുട്ടി ഗർഭം ധരിക്കുകയും ചെയ്‌തിരുന്നെന്ന് പൊലീസ് പറയുന്നു.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. 2020നും 21നുമിടയിൽ ഉദ്യോഗസ്ഥൻ നിരവധി തവണ തന്നെ മാനഭംഗപ്പെടുത്തി. ഉദ്യോഗസ്ഥനും ഭാര്യയും ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ നൽകി. തുടർന്ന് വയ്യാതായ കുട്ടിയെ മാതാവ് തിരികെ വീട്ടിൽ കൊണ്ടുപോയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. ഡോക്ടറെ കണ്ട ശേഷം അവർ കേസ് നൽകുകയായിരുന്നു.

2020ലാണ് പെൺകുട്ടിയുടെ പിതാവ് മരിക്കുന്നത്. കുട്ടിയെ സംരക്ഷിക്കാമെന്ന പേരിൽ പ്രതി വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. സുഹൃത്തായതിനാൽ മാതാവ് സമ്മതിക്കുകയും ചെയ്‌തു.