ലാൻഡറിനെ വരവേറ്റ് ഓർബിറ്റർ, ചരിത്ര നിമിഷത്തിലേക്ക് വിക്രം
തിരുവനന്തപുരം: ഇന്നത്തെ രാത്രിയും പിന്നിട്ട് നാളത്തെ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ചന്ദ്രനിൽ മെല്ലെ, മെല്ലെ ചെന്നിറങ്ങുന്ന ചന്ദ്രയാൻ-മൂന്നിന്റെ വിക്രം ലാൻഡർ പേടകത്തിൽ കണ്ണും നട്ട് ശാസ്ത്രലോകം. ബഹിരാകാശ ശക്തിയായ റഷ്യയുടെ ലൂണ-25 കാലിടറി വീണതോടെ, വീരപരിവേഷത്തോടെയാണ് വിക്രം ലാൻഡറിന്റെ പ്രയാണം. വൈകിട്ട് 6.04ന് ചന്ദ്രനെ തൊടും. പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിംഗ് നാളെ വൈകിട്ട് 5.20ന് ആരംഭിക്കും. ഐ.എസ്.ആർ.ഒയുടെ വെബ് സൈറ്റിൽ ജനങ്ങൾക്ക് ഇതു കാണാനാവും.
2019ൽ ചന്ദ്രയാൻ-2 പരാജയപ്പെട്ടെങ്കിലും അതിന്റെ ഭാഗമായിരുന്ന ഓർബിറ്റർ ഐ.എസ്.ആർ.ഒയുടെ കണ്ണും കാതുമായി ചന്ദ്രനെ വലംവയ്ക്കുന്നുണ്ട്. ഇന്നലെ മുതൽ വിക്രം ലാൻഡറിന് തുണയായി ഭൂമിയുമായുള്ള ആശയവിനിമയം ഓർബിറ്റർ ഏറ്റെടുത്തു 'വെൽക്കം ബഡ്ഡി!" എന്ന കുറിപ്പോടെയാണ് ഐ.എസ്.ആർ.ഒ ഈ വിശേഷം ട്വിറ്ററിൽ പങ്കുവച്ചത്. ഈ ദൗത്യം മുൻകൂട്ടി നിശ്ചയിച്ചിരുന്നതിനാൽ ചന്ദ്രയാൻ 3ൽ ഓർബിറ്റർ ഉൾപ്പെടുത്തിയിരുന്നില്ല.
വിക്രം ലാൻഡർ പകർത്തുകയും ഓർബിറ്റർ വഴി അയയ്ക്കുകയും ചെയ്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ ഇന്നലെ പുറത്തുവിട്ടു. ബംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രം വിക്രം ലാൻഡറുമായി ബന്ധപ്പെടുന്നത് ഓർബിറ്റർ മുഖാന്തരമാണ്. ചെന്നിറങ്ങാൻ പറ്റിയ പ്രദേശങ്ങൾ ലാൻഡർ നിരീക്ഷിക്കുന്ന ചിത്രങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. ദക്ഷിണ ധ്രുവത്തിലെ ഗർത്തങ്ങൾ ഇതിൽ കാണാം. പാറകളോ ഗർത്തങ്ങളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഉറപ്പാക്കാൻ സഹായിക്കുന്ന ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറ (എൽ.എച്ച്.ഡി.എ.സി) പകർത്തിയ ചിത്രങ്ങളാണിത്.
ഇന്ന് താവളം നിശ്ചയിക്കും
1. ഇറങ്ങേണ്ട സ്ഥലം ഇന്ന് നിശ്ചയിക്കും. ലാൻഡറിൽ നിന്നയ്ക്കുന്ന ഫോട്ടോകൾ ബംഗളൂരുവിൽ ശാസ്ത്രജ്ഞർ വിശകലനം ചെയ്ത് സ്ഥലം തിരഞ്ഞെടുക്കും.
2. വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനം, പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള വാർത്താ വിനിമയ സംവിധാനം എന്നിവ സജ്ജമെന്ന് ഉറപ്പാക്കും.
നാളെ താഴേക്ക്
ഇറങ്ങേണ്ട സ്ഥലം ചൂണ്ടിക്കാട്ടി ലാൻഡറിലേക്ക് സന്ദേശം പോകും
ഭ്രമണപഥം ആ പോയിന്റിലേക്ക് കേന്ദ്രീകരിക്കും
വൈകിട്ട് അഞ്ചിന് സഞ്ചാരവേഗം കുറയ്ക്കാൻ തുടങ്ങും.
5.47ന് കുത്തനേ താഴേയ്ക്ക് നീങ്ങാൻ തുടങ്ങും
6.04ന് നിലം തൊടും