പശ്ചിമേഷ്യയിൽ ഫലിക്കാത്ത അമേരിക്കൻ തന്ത്രങ്ങൾ: യുദ്ധമുണ്ടായാൽ തിരിച്ചടി ഇന്ത്യയ്‌ക്ക്, ഗൾഫ് മലയാളികളുടെ കാര്യവും പരുങ്ങലിൽ
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഓരോ ദിവസവും വർദ്ധിക്കുകയാണ്. ഇത് യുദ്ധത്തിലേക്ക് നീങ്ങുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപ് ഭരണകൂടം 2015 ലെ ആണവകരാറിൽ നിന്ന് പിന്മാറി ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്ക് വഴിപ്പെടാതെ കടുത്ത ചെറുത്തുനിൽപ്പാണ് ഇറാൻ നടത്തുന്നത്. വെല്ലുവിളികളിലൂടെയും ചെറിയ അക്രമങ്ങളിലൂടെയും നടക്കുന്ന നിഴൽയുദ്ധം പശ്ചിമേഷ്യയിലാകെ യുദ്ധകാർമേഘങ്ങൾ സൃഷ്‌ടിച്ചു കഴിഞ്ഞു. അമേരിക്കയ്‌ക്ക് മാനസിക പ്രശ്നമാണെന്ന് ഇറാൻ ആക്ഷേപിക്കുമ്പോൾ അധികം കളിച്ചാൽ തീർത്തുകളയുമെന്ന ഭീഷണിയാണ് അമേരിക്ക മുഴക്കുന്നത്. ഇരുവരും നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതാണ് സംഘർഷത്തിന് അയവ് വരാത്തതിന്റെ പ്രധാന കാരണം.
യഥാർത്ഥ കാരണം
യഥാർത്ഥത്തിൽ ഇറാന്റെ ആണവപദ്ധതിയല്ല സംഘർഷത്തിന്റെ പ്രധാന കാരണം. പശ്ചിമേഷ്യയിൽ അമേരിക്കയുടെ സുഹൃത്തുക്കളായ ഇസ്രായേലിനും മറ്റുമെതിരെ നിഴൽയുദ്ധം നടത്തുന്ന നിരവധി സംഘങ്ങൾ ഇറാൻ പക്ഷത്തുണ്ട്. ഇസ്രായേലിലെ ഹമാസ് , പലസ്‌തീനിലെ ഇസ്ളാമിക് ജിഹാദ്, ലെബനനിലെ ഹിസ്‌ബുള്ള, യമനിലെ ഹുദികൾ, ഇറാഖിൽ അമേരിക്കയ്‌ക്കെതിരെ പോരാടുന്ന സംഘങ്ങൾ എന്നിവർ അമേരിക്കയുടെ കണ്ണിലെ കരടാണ്. ഇറാന്റെ നിഴൽസംഘങ്ങൾ നിരവധി അമേരിക്കൻ പൗരന്മാരെയും സഖ്യകക്ഷി സൈനികരെയും കൊന്നൊടുക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഇറാന്റെ സാന്നിദ്ധ്യം അമേരിക്കയ്‌ക്ക് ഉൾക്കൊള്ളാനാവില്ല. ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസി ഇറാനിൽ നിന്ന് കടത്തിയെന്ന് പറയപ്പെടുന്ന രേഖകൾ പ്രകാരം ഇറാൻ, ആണവശേഷിയ്‌ക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഇറാന്റെ ആണവശേഷി യാഥാർത്ഥ്യമായാൽ പ്രാദേശിക സംഘർഷങ്ങളിൽ ഇറാനെ നിയന്ത്രിക്കുക എളുപ്പമല്ല. ഉപരോധം പിൻവലിക്കുന്നതിന്റെ ഭാഗമായി ഉന്നയിച്ച ആവശ്യങ്ങളെല്ലാം പശ്ചിമേഷ്യൻ പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇറാനെ സംബന്‌ധിച്ചിടത്തോളം ആണവശേഷി കൈവരിച്ചാൽ, ഇസ്രായേലിന്റെയോ അമേരിക്കയുടേയോ ഭീഷണി വിലപ്പോവില്ല. ആണവശേഷിയുള്ള ഇറാനെ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് അമേരിക്കയ്‌ക്കും സഖ്യകക്ഷികൾക്കുമറിയാം. അതുകൊണ്ടുതന്നെ ആണവകരാറിൽ വിശ്വാസമില്ലാത്ത അമേരിക്ക ഇറാന്റെ ആണവഭദ്രതയെ പൂർണമായും തർക്കാൻ ആഗ്രഹിക്കും. പരമപ്രധാനമായി ഇത് ഇസ്രായേലിന്റെ ആവശ്യമാണ്. ഇറാന് ആണവപദ്ധതി നിലനിൽപ്പിന്റെ പ്രശ്‌നമാണ്.
ഫലിക്കാത്ത അമേരിക്കൻ തന്ത്രം
കരാറിൽ നിന്ന് പിൻവാങ്ങി കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ വരുതിയിലാക്കാമെന്നായിരുന്നു അമേരിക്കയുടെ പദ്ധതി. ഇതിനുവേണ്ടി യുദ്ധഭീഷണി മുഴക്കി അമേരിക്കൻ സൈന്യത്തെ ചെറിയ തോതിലാണെങ്കിലും ഗൾഫിൽ വിന്യസിച്ചു. മിസൈൽ പ്രതിരോധ സംവിധാനം, വിമാനവാഹിനിക്കപ്പൽ, ബോംബർ വിമാനങ്ങൾ എന്നിവ സജ്ജമാക്കി നിറുത്തിയിട്ടുണ്ട്. ബാഗ്‌ദാദിലെ അമേരിക്കൻ എംബസിയിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ. സഖ്യകക്ഷികളെല്ലാം അമേരിക്കൻ നിർദേശപ്രകാരം ഇറാനിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് നിറുത്തിക്കഴിഞ്ഞു. ഇറാൻ റെവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ഇറാന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾ തടസപ്പെടുത്തുകയും ചെയ്‌തു. ദിവസേന കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ് അമേരിക്ക. ഇവയൊന്നും ഇറാന്റെ നിലപാടിൽ ചെറിയ മാറ്റം പോലും വരുത്തിയിട്ടില്ല.
ഇറാന്റെ നിലപാട്
അമേരിക്കയുടെ ഉപരോധത്തിന്റെയും ഭീഷണിയുടെയും പശ്ചാത്തലത്തിൽ ഇറാൻ നിലപാട് കടുപ്പിക്കുകയാണ് ചെയ്‌തത്. ഉപരോധത്തിന് പരിഹാരമുണ്ടാക്കിത്തന്നില്ലെങ്കിൽ കരാർ ലംഘിക്കുമെന്ന് ആദ്യഘട്ടത്തിൽ തന്നെ യൂറോപ്യൻ യൂണിയൻ, റഷ്യ, ചൈന തുടങ്ങിയവയ്‌ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. അടുത്തഘട്ടത്തിൽ ഇറാൻ, സായുധ സംഘങ്ങളെ ഉപയോഗിച്ച് എണ്ണവാഹിനി കപ്പലുകളെ ആക്രമിക്കുകയും അമേരിക്കയുടെ നിരീക്ഷണ ഡ്രോണിനെ വെടിവെച്ചിടുകയും ചെയ്‌തു. എന്നാൽ ഇതിന്റെ ഉത്തരവാദിത്തം ഇറാൻ ഏറ്രെടുത്തിട്ടില്ല. ഇറാൻ പണ്ടേ പയറ്റിയിട്ടുള്ള യുദ്ധമുറയാണിത്. ചെറു സായുധസംഘങ്ങളെ ഉപയോഗിച്ച് നിഴൽയുദ്ധം നടത്തി വിട്ടുവീഴ്‌ചയ്‌ക്ക് തയാറല്ലെന്ന സന്ദേശമാണ് ഇത് നൽകുന്നത്. അതുകൊണ്ടാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ വഴി, അമേരിക്ക നടത്തിയ ചർച്ചാശ്രമങ്ങൾ ഇറാൻ തള്ളിക്കളഞ്ഞത്. ശ്രമം നടത്തിയ ജൂൺ 13 ന് തന്നെ ഇറാന്റെ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടു. ഉപരോധം പിൻവലിക്കാതെ ചർച്ചയ്‌ക്ക് തയാറല്ല എന്നതാണ് ഇറാന്റെ നിലപാട്. യുദ്ധമുണ്ടായാൽ ഉണ്ടാകട്ടെ എന്നതാണ് ഇറാന്റെ തയാറെടുപ്പുകൾ വ്യക്തമാക്കുന്നത്. ആണവകരാറിൽ പറഞ്ഞതിനെക്കാൾ സമ്പുഷ്‌ടമായ യുറേനിയം ഉണ്ടാക്കിയെന്ന ഇറാന്റെ പ്രസ്‌താവന തങ്ങളുടെ ലക്ഷ്യം ആണവശേഷിയാണെന്ന് വ്യക്തമാക്കുന്നു.
യുദ്ധമുണ്ടാകുമോ?
പശ്ചിമേഷ്യയിൽ യുദ്ധത്തിന് ആർക്കും താത്‌പര്യമില്ലെന്നതാണ് വസ്‌തുത. അമേരിക്കയുടെ നിരീക്ഷണ ഡ്രോണിനെ വെടിവച്ചിട്ട ഇറാനെതിരെ യുദ്ധത്തിന് പോകാത്തതിന്റെ കാരണം മറ്റൊന്നല്ല. യുദ്ധത്തിന് താത്‌പര്യമില്ലെന്ന് ഒളിഞ്ഞും തെളിഞ്ഞും ഇറാൻ സൂചിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ മിക്ക യുദ്ധങ്ങളും യുദ്ധം ചെയ്‌തവർക്ക് താത്‌പര്യമുണ്ടായിട്ട് സംഭവിച്ചതല്ല. വിട്ടുവീഴ്‌ചകൾ ചെയ്യാതെ, ചർച്ചയ്‌ക്ക് തയാറാകാതെ, ദുരഭിമാനം വെടിയാതെ കടുത്ത നിലപാടുകളിൽ ഉറച്ചുനിന്നതു കൊണ്ട് ഉണ്ടായവയാണ്. ഇത്തരം സംഘർഷ സാഹചര്യങ്ങളിൽ യുദ്ധമുണ്ടാകുന്നത് തെറ്റിദ്ധാരണ മൂലവും അബദ്ധ സൈനിക നടപടികൾ മൂലവുമാണ്. ഇതിന് സമാനമായ സാഹചര്യമാണ് പശ്ചിമേഷ്യയിലുള്ളത്. ആർക്കെങ്കിലും തെറ്ര് സംഭവിച്ചാൽ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് വഴുതിവീഴും. അതിന്റെ കാർമേഘങ്ങളാണ് ഉരുണ്ടുകൂടുന്നത്.
പരുങ്ങലിലാകുന്ന ഇന്ത്യ
ഇന്ത്യയെ സംബന്‌ധിച്ചിടത്തോളം പശ്ചിമേഷ്യൻ സംഘർഷം ധർമ്മസങ്കടമാണ് . ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഉപരോധത്തിൽ പങ്കുചേർന്നതോടു കൂടി വിലക്കുറവിൽ കിട്ടുന്ന എണ്ണ ലഭ്യമാകില്ലെന്ന് മാത്രമല്ല, തന്ത്രപരമായ നഷ്‌ടവും ഇന്ത്യയ്‌ക്കുണ്ട്. ഇറാനിലെ ഛബഹാറിൽ നിർമ്മിക്കുന്ന തുറമുഖം മദ്ധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ വാതിലാണ്. ഇറാനിൽ നിന്ന് എണ്ണ വാങ്ങാത്ത ഇന്ത്യയ്‌ക്ക് ആ വാതിൽ തുറന്ന് കിട്ടാൻ ബുദ്ധിമുട്ടുണ്ടാവും. മാത്രമല്ല, അമേരിക്കയ്‌ക്ക് അനുകൂലമായ നിലപാട് ഇന്ത്യ പശ്ചിമേഷ്യയിൽ എടുക്കുമ്പോൾ റഷ്യയും ചൈനയും ഒക്കെ ശത്രുക്കളായി മാറും. ഇന്ത്യയെ സംബന്‌ധിച്ചിടത്തോളം സങ്കീർണമായ സാഹചര്യമാണിത്. യുദ്ധമുണ്ടായാൽ ഗൾഫിലെ ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ പ്രതികൂലമായി ബാധിക്കും. ഇന്ത്യൻ വിദേശനയം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടമായിരിക്കും അത്.