ഇന്ത്യയെ ആഗോളതലത്തിലേക്ക് എത്തിച്ചു, നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ പുരസ്കാരം നൽകി ഗ്രീസ്
ഏതൻസ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാന്റ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ ബഹുമതി നൽകി ഗ്രീസ്. ഗ്രീസിലെ രണ്ടാമത്തെ വലിയ സിവിലിയൻ പുരസ്കാരമാണിത്. ഗ്രീക്ക് പ്രസിഡന്റ് കാതറീന സാകെല്ലാർപൊലു മോദിക്ക് ബഹുമതി സമ്മാനിച്ചു.
നരേന്ദ്രമോദി സ്വന്തം രാജ്യത്തെ ആഗോളതലത്തിലേക്ക് എത്തിച്ചുവെന്നും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണെന്നും ഗ്രീസ് പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ ധീരമായ മാറ്റങ്ങൾക്ക് തുടക്കമിടുകയും പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും പോലെയുള്ള വിഷയങ്ങൾ അന്താരാഷ്ട്ര തലത്തിലെ മുൻഗണനാ വിഷയമാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് ഗ്രീസ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ഈ ബഹുമതിയെന്ന് നരേന്ദ്രമോദി അറിയിച്ചു.
ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെയാണ് നരേന്ദ്രമോദി ഗ്രീസിലെത്തിയത്. ഏതൻസിൽ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ സമൂഹവുമായും മോദി സംവദിച്ചു. 40 വർശത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. ഒരു ദിവസത്തെ പര്യടനത്തിന് ശേഷം തിരികെയെത്തുന്ന പ്രധാനമന്ത്രി ചന്ദ്രയാൻ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഐ.എസ്.ആർ.ഒ സംഘത്തെ ബംഗളുരുവിൽ നേരിട്ടെത്തി അഭിനന്ദിക്കും.