'തന്റെ ദേശീയ മുസ്ലിം' പ്രസ്താവനയെ ട്രോളുന്നവരോട് അബ്ദുള്ളക്കുട്ടിക്ക് പറയാനുള്ളത്
കണ്ണൂർ: 'താൻ ദേശീയ മുസ്ലിം' ആണെന്ന പ്രസ്താവനയെ ട്രോളുന്നവരെ തിരുത്തി ബി.ജെ.പിയിലേക്ക് മാറിയ മുൻ എം.പി എ.പി അബ്ദുള്ളക്കുട്ടി രംഗത്ത്. 'ദേശീയ മുസ്ലിം' എന്നത് വലിയ രാഷ്ട്രീയ ചിന്താധാരയാണ്. സ്വാതന്ത്ര്യസമരകാലത്ത് ജിന്നയെ പോലുള്ളവർ വിഭജനത്തിന്റെ രാഷ്ട്രീയം ഉയർത്തി. അക്കാലത്ത് അബ്ദുൾകലാം ആസാദ്, ഖാദിയ മില്ലത്ത് സാഹിബ്, ഖാൻ അബ്ദുൾഖഫാർ ഖാനെപോലുള്ള ദേശീയവാദികൾ പ്രഖ്യാപിച്ചു ഞങ്ങൾ ദേശീയ മുസ്ലിമാണ്. ഞങ്ങളുടെ പൊക്കിൾ കുഴിച്ചിട്ടത് ഈ മണ്ണിലാണ്. വിഭജനത്തിനൊപ്പം ഞങ്ങളില്ല. അക്കാലത്താണ് ദേശീയ മുസ്ലിം എന്ന ചിന്താധാര ഉയർന്നുവന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
ഇത് താൻ പറഞ്ഞപ്പോഴാണ് ദേശീയപക്ഷി, ദേശീയ മൃഗം എന്നൊക്കെ പറഞ്ഞ് ട്രോളർമാർ പരിഹസിക്കുന്നത്. അവർ മനസിലാക്കേണ്ടുന്ന കാര്യം ഇന്ത്യക്ക് ഒരു ദേശീയ പുഷ്പം കൂടിയുണ്ടെന്നുള്ളതാണ്. അത് താമരയാണ്. ഇത് താമരയുടെ കാലമാണ്. ഈ കാലത്ത് രാജ്യത്തെ മുസ്ലീംങ്ങൾ താമരയുടെ കൂടെ നിൽക്കണം. ബി.ജെ.പി നേതൃത്വം എവിടെ പ്രവർത്തിക്കാൻ പറഞ്ഞാലും അത് അനുസരിക്കാൻ തന്നെയാണ് ഞാൻ പാർട്ടിയിൽ ചേർന്നത്. ഒരു പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തിലാണ് അബ്ദുള്ളക്കുട്ടി ട്രോളർമാരെ തിരുത്തി രംഗത്തെത്തിയത്.
ഞാൻ ഉയർത്തിയ വിശ്വാസത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയം അന്നും ഇന്നും പ്രസക്തമാണ്.
സി.പി.എമ്മിൽ നിന്ന് വികസന വിരുദ്ധതയ്ക്കും വിശ്വാസ വിരുദ്ധതയ്ക്കുമെതിരെ നിലപാടെടുത്താണ് താൻ പുറത്തേക്ക് വന്നത്. കേരളത്തിൽ സി.പി.എം ഇപ്പോൾ വികസനത്തിന്റെ ആളായി. സി.പി.എമ്മിനകത്ത് വിശ്വാസികളോടുള്ള നിലപാടിനോട് വലിയ മാറ്റംവന്നു. അങ്ങനെ സി.പി.എമ്മിനെക്കൊണ്ട് വേഷം കെട്ടിക്കാൻ സാധിച്ചത് ഞാൻ സി.പി.എമ്മിൽ നടത്തിയിട്ടുള്ള സമരംമൂലമാണ്.
ഞാൻ പല പാർട്ടിയിലും കാലുമാറി എന്ന് പറഞ്ഞ് നടക്കുന്നവർ ഓർക്കണം. ഇ.എം.എസ് നാല് തവണ പാർട്ടി മാറിയിട്ടുണ്ട്. ഗൗരിഅമ്മ സ്വന്തമായി പാർട്ടി ഉണ്ടാക്കി. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ ന്യൂനപക്ഷങ്ങൾ കൂടുതൽ കൊല്ലപ്പെട്ടത് ബി.ജെ.പി ജനിക്കുന്നതിന് മുമ്പാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. വടക്കേ ഇന്ത്യയിലെ ഹിന്ദു, മുസ്ലീം കലാപത്തിന്റെ ചരിത്രം നോക്കിയാൽ അതിനുത്തരവാദി കോൺഗ്രസും ബി.ജെ.പിയുമല്ലെന്ന് വ്യക്തമാകും. ബ്രിട്ടീഷുകാരാണ് ഉത്തരവാദികൾ.
വർഗീയത പറഞ്ഞ് ആളുകളെ തമ്മിലടിപ്പിക്കരുത്. എല്ലാ വിഭാഗത്തിലും ചില തീവ്ര ഗ്രൂപ്പുകളുണ്ട്. അവർക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കാൻ നമുക്ക് കഴിയണം. അമിത്ഷാ കാശ്മീരിൽ പോയില്ലേ. സാധാരണ ആഭ്യന്തരമന്ത്രി അവിടെ പോയാൽ ബന്ദും കലാപവുമാണ് ഉണ്ടാകാറുള്ളത്. ഇപ്പോൾ തീവ്രവാദികൾ അനങ്ങുന്നില്ല. തീവ്രവാദ ഗ്രൂപ്പുകൾക്ക് കൂച്ചുവിലങ്ങിടുന്ന നേതൃത്വമാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കുന്നു.