ആരോഗ്യത്തിന്റെ കാര്യത്തിൽ ജനങ്ങളെ സ്വാധീനിക്കുന്നതിൽ ഒന്നാമൻ ആരെന്നറിയാമോ?

Thursday 11 July 2019 6:53 PM IST

ന്യൂ‌‌ഡൽഹി: ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നവരാണ് നമ്മുടെ സെലിബ്രിറ്റികൾ. വിരാത് കോഹ്ലി, അക്ഷയ കുമാർ, ദീപിക പദുകോൺ എന്നിങ്ങനെ പലരും ജനങ്ങളെ കൂടുതൽ ആരോഗ്യകരമായ ജീവിത രീതികളിലേക്ക് നയിക്കാൻ മുൻപിലുണ്ട്. എന്നാൽ ഇവരെയൊക്കെ പിന്നിലാക്കി ഇക്കാര്യത്തിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി.

മോദിക്ക് തൊട്ടുപിന്നിലത്തെ സ്ഥാനം കൊണ്ടുപോയത് യോഗ ഗുരു ബാബ രാംദേവും ബോളിവുഡ് നടൻ അക്ഷയ്‌ കുമാറുമാണ്. ഇത് രണ്ടാം തവണയാണ് ഈ ബഹുമതി മോദിയെ തേടി എത്തിയിരിക്കുന്നത്. ആരോഗ്യ കാര്യത്തിൽ ഇന്ത്യയിലെ ജനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള പ്രമുഖരെ കണ്ടെത്താൻ നടത്തിയ സർവേയിൽ മോദിക്ക് ഒന്നാം സ്ഥാനം നൽകിയത് അമേരിക്കയിലെ കാലിഫോർണിയയിലുള്ള ജി.ഒ.ക്യു.ഐ എന്ന ഫിറ്റ്നസ് സാങ്കേതിക വിദ്യ സ്ഥാപനമാണ്.

തന്റെ തിരക്കേറിയ ജീവിതത്തിനിടയ്ക്കും മോദി ആരോഗ്യപരിപാലനത്തിന് കണ്ടെത്തുന്നുവെന്നാണ് ഇവർ പറയുന്നത്. മാത്രമല്ല സ്ഥിരം മടുപ്പുളവാകുന്ന ഒരേ രീതിയിൽ വ്യായാമം ചെയാതെ അദ്ദേഹം പുതിയ മാർഗങ്ങൾ വ്യായാമത്തിനായി സ്വീകരിക്കുന്നുവെന്നും ജി.ഒ.ക്യ.ഐ നിരീക്ഷിക്കുന്നു. അന്താരാഷ്‌ട്ര യോഗ ദിനം രാജ്യമാകെയും, ലോകം മുഴുവനും കൊണ്ടാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാരണമായത്.

ഇന്ത്യയെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യത്തെയും നന്നാക്കുവാൻ മോദി ശ്രമിക്കുന്നു. മറ്റ് പല ചുമതലകൾ ഉണ്ടായിട്ടും 68ആം വയസിലും മോദി തന്റെ കർത്തവ്യം നിർവഹിക്കുന്നു. ജി.ഒ.ക്യ.ഐ പ്രതിനിധി പറയുന്നു. നരേന്ദ്ര മോദി, അക്ഷയ് കുമാർ, ബാബ രാംദേവ്, വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി ദീപിക പദുകോൺ, രൺവീർ സിംഗ്, ടൈഗർ ഷ്‌റോഫ്, പ്രിയങ്ക ചോപ്ര എന്നിവരാണ് ജി.ഒ.ക്യ.ഐയുടെ പട്ടികയിൽ സ്ഥാനം പിടിച്ച ആദ്യ പത്തുപേർ.