ബ്രിക്‌സ് ഉച്ചകോടിയിലെ ഇന്ത്യൻ വിജയം
ഇന്ത്യയുടെ നയതന്ത്രപരമായ പ്രാധാന്യം കൂടുതൽ അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു ദക്ഷിണാഫ്രിക്കയിൽ സമാപിച്ച ബ്രിക്‌സ് ഉച്ചകോടി. ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ സമഗ്രമാക്കാൻ ക്രിയാത്‌മകമായ നിരവധി നിർദ്ദേശങ്ങളാണ് ഇന്ത്യ മുന്നോട്ടുവച്ചത്.
ബഹിരാകാശ സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ ബ്രിക്‌സ് പര്യവേക്ഷണ കൂട്ടായ്‌മ സ്ഥാപിക്കുക എന്ന ആശയമാണ് ഇതിൽ ഏറ്റവും മുന്നിൽ നില്‌ക്കുന്നത്. ''ഇന്ത്യ ഇതിനകം തന്നെ ബ്രിക്‌സ് സാറ്റലൈറ്റ് കോൺസ്റ്റലേഷനിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒരുപടി കൂടി കടന്ന് മുന്നോട്ട് പോകാൻ ബ്രിക്‌സ് ബഹിരാകാശ പര്യവേക്ഷണ കൺസോർഷ്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം" - ഇതായിരുന്നു പ്ളീനറി സമ്മേളനത്തിൽ മോദി പറഞ്ഞ വാക്കുകൾ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ കരസ്ഥമാക്കിയ വേളയിൽ മോദിയുടെ വാക്കുകൾക്ക് കൂടുതൽ അർത്ഥവ്യാപ്തിയുണ്ട്. മാത്രമല്ല ബ്രിക്‌സിൽ ആറ് രാജ്യങ്ങൾകൂടി അംഗമാകാൻ പോവുകയാണ്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് സാമ്പത്തിക ശക്തികളുടെ കൂട്ടായ്‌മ വിപുലീകരിക്കാൻ കഴിഞ്ഞ ബ്രിക്‌സ് സമ്മേളനത്തിൽ തീരുമാനിച്ചിരുന്നെങ്കിലും അർജന്റീന, ഈജിപ്‌ത്, എത്യോപ്യ, ഇറാൻ, സൗദിഅറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് പുതിയ അംഗങ്ങളെന്ന് പ്രഖ്യാപിച്ചത് ജൊഹാനസ്‌ബർഗിൽ സമാപിച്ച പതിനഞ്ചാമത് ഉച്ചകോടിയാണ്. ഇതിൽ സൗദിയും യു.എ.ഇയും സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരാണ്.
ബഹിരാകാശ പര്യവേക്ഷണ കൺസോർഷ്യം സ്ഥാപിക്കുമ്പോൾ ഈ രാജ്യങ്ങളുമായി പുതിയ കരാറുകളിൽ ഏർപ്പെടാനും അത് ഇന്ത്യയ്ക്ക് അവസരമൊരുക്കും. നാല്പതോളം രാജ്യങ്ങൾ ബ്രിക്‌സിൽ അംഗങ്ങളാകാൻ ഇതിനകം താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 22 രാജ്യങ്ങൾ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. പാകിസ്ഥാനെ ഈ കൂട്ടായ്‌മയിൽ ഉൾപ്പെടുത്താൻ ചൈന സമ്മർദ്ദം ചെലുത്തിയെങ്കിലും ഇന്ത്യയുടെ എതിർപ്പ് കാരണം നടന്നില്ല. നയതന്ത്രപരമായ ഇന്ത്യയുടെ മറ്റൊരു വിജയം കൂടിയാണിത്.
വിദ്യാഭ്യാസം, നൈപുണ്യവികസനം, സാങ്കേതിക മേഖലകൾക്ക് പിന്തുണ നല്‌കുക എന്നതാണ് മോദി മുന്നോട്ടുവച്ച രണ്ടാമത്തെ നിർദ്ദേശം. ഇതുകൂടാതെ പരമ്പരാഗത മരുന്നുകളുടെ സേവനം ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശവും ഇന്ത്യ മുന്നോട്ടുവച്ചു. കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന സേനകൾക്കിടയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ധാരണയിലെത്തിയതും ഉച്ചകോടിക്കിടയിലെ കൂടിക്കാഴ്ചയിലാണ്. ഇതുസംബന്ധിച്ച് ചർച്ച നടന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വാത്രയാണ് ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ചൈനീസ് വിദേശകാര്യ വക്താവും ഇക്കാര്യം സ്ഥിരീകരിച്ചു. 2020 ജൂണിൽ ഇരുസേനകളും തമ്മിൽ മുഖാമുഖം ഏറ്റുമുട്ടിയതിനുശേഷം കിഴക്കൻ ലഡാക്കിലെ പിരിമുറുക്കത്തിന് ഇനിയും വലിയ കുറവ് സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ യഥാർത്ഥ നിയന്ത്രണ രേഖയെ ബഹുമാനിക്കാനും സേനകളെ ഘട്ടംഘട്ടമായി പിൻവലിക്കാനും ഇരുനേതാക്കളും തമ്മിൽ ധാരണയിലെത്തിയതും ഇന്ത്യയുടെ വിജയമായിത്തന്നെ കണക്കാക്കാം.