ദേശീയ വക്താവായി നിയമിതനായി അനിൽ ആന്റണി; തീരുമാനം പ്രഖ്യാപിച്ച് ബിജെപി

Tuesday 29 August 2023 5:55 PM IST

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച് ബിജെപി. നിലവിൽ ബിജെപി ദേശീയ സെക്രട്ടറി സ്ഥാനം വഹിക്കുന്ന അനിലിനെ ദേശീയ വക്താവായും നിയമിച്ചത് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ്. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

ഇതോടെ ദേശീയ സെക്രട്ടറി സ്ഥാനത്തോടൊപ്പം ദേശീയ വക്താവ് സ്ഥാനവും അനിൽ വഹിക്കും. കോൺഗ്രസിൽ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോ‌ർഡിനേറ്ററുമായിരുന്ന അനിൽ ഇക്കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ച് ബിജെപിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ പരസ്യമായി പ്രതികരിച്ചതിന് പിന്നാലെയാണ് അനിൽ കോൺഗ്രസുമായി അകന്നത്.

അനിലിനെ നേരത്തെ ദേശീയ സെക്രട്ടറിയായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് എ.പി അബ്‌ദുള്ളക്കുട്ടി, സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറിയായി ബി.എൽ സന്തോഷ്, ദേശീയ സെക്രട്ടറിയായി മലയാളിയായ അരവിന്ദ് മേനോൻ എന്നിവരെ തുടർന്നും നിയമിച്ചിരുന്നു.