മണിപ്പൂ‌രിൽ വീണ്ടും വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

Wednesday 30 August 2023 8:46 AM IST

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്. ചുരചന്ദ്‌പൂർ, ബിഷ്ണുപൂർ ജില്ലകളുടെ അതിർത്തിയിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ നടന്ന വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നെൽപാടത്ത് പണിക്കെത്തിയ കർഷകർക്ക് നേരെയായിരുന്നു ആക്രമണം. എട്ടുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് പേർ അറസ്റ്റിലായെന്നാണ് സൂചന.

പതിനൊന്ന് ദിവസം മുൻപ് കംജോംഗ് ജില്ലയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതിന് ശേഷമാണ് ഇന്നലെ പുലർച്ചെ മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരിൽ ഒരാൾ കുകി വിഭാഗക്കാരനാണ്. മറ്റെയാളെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ഇംഫാലിനെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് മാറ്റി. പ്രദേശത്ത് വിന്യസിച്ചിട്ടുള്ള ജില്ലാ പൊലീസ്, ആസം റൈഫിൾസ്, കേന്ദ്ര സേന എന്നിവർ സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു. മേയിൽ ആരംഭിച്ച സംഘർഷത്തിൽ മണിപ്പൂരിൽ ഇതുവരെ 140ൽ അധികം പേരാണ് മരിച്ചത്.