കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി ചീറിപ്പാഞ്ഞ് ഓണാഘോഷം; വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് കേസെടുത്തു

Wednesday 30 August 2023 12:05 PM IST

തിരുവനന്തപുരം: തുറന്ന ജീപ്പിന്റെ ബോണറ്റിന് മുകളിൽ അപകടകരമായ രീതിയിൽ കുട്ടിയെ ഇരുത്തി യാത്ര നടത്തിയ സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് ഓണാഘോഷത്തിന്റെ ഭാഗമായി യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റിലിരുത്തി കഴക്കൂട്ടം പ്രദേശത്ത് കറങ്ങിയത്.

സാഹസിക യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ആറ്റിങ്ങൽ സ്വദേശിയാണ് വാഹനത്തിന്റെ ഉടമയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ജീപ്പ് ഓടിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പും കേസെടുക്കും.