ഏതു സമയത്ത് ബുക്ക് ചെയ‌്താൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഫ്ളൈറ്റ് ടിക്കറ്റ് ലഭിക്കും, ഗൂഗിളിൽ വഴിയുണ്ട്

Wednesday 30 August 2023 3:44 PM IST

ഷിക്കാഗോ: കുറഞ്ഞ ചെലവിൽ ഫ്ളൈറ്റിൽ യാത്ര ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്. അത്തരം ആഗ്രഹമുള്ളവർക്കെല്ലാം ഇനി സന്തോഷിക്കാം. പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ഫ്ളൈറ്റ്‌സ്. ഇൻസൈറ്റ്‌സ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഏത് വിമാനത്തിലാണ് കുറഞ്ഞചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക എന്ന് ഇൻസൈറ്റ്‌സ് ഉപയോക്താക്കൾക്ക് പറഞ്ഞുകൊടുക്കും.

പ്രൈസ് ട്രാക്കിംഗ്, പ്രൈസ് ഗാരന്റി എന്നിവയും ഇൻസൈറ്റ്‌സിൽ ലഭ്യമാണ്. ഈ ആഴ്‌ച തന്നെ ഗൂഗിൾ ഇൻസൈറ്റ്‌സ് അവതരിപ്പിക്കുമെന്നാണ് സൂചന. ഏറ്റവും കുറഞ്ഞ നിരക്കിൽ ഏതു ഫ്ളൈറ്റിലേക്ക് ഏതു സമയത്ത് ടിക്കറ്റെടുക്കാമെന്നുള്ള നോട്ടിഫിക്കേഷൻ മേസേജ് ഇൻസൈറ്റ്‌സ് നൽകും. എന്നാൽ പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് നിലവിൽ ഇൻസൈറ്റ്‌സിനെ ഉപയോഗപ്പെടുത്താൻ കഴിയില്ല. രണ്ടുമാസം മുമ്പെങ്കിലും യാത്ര പ്ളാൻ ചെയ‌്തിരിക്കണം.

പ്രൈസ് ഗാരന്റിയാണ് മറ്റൊരു പ്രത്യേകത. ചില അവസരങ്ങളിൽ ടേക്കോഫിന് മുമ്പായി, ഫ്ളൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ദിവസത്തേക്കാൾ കുറവ് നിരക്ക് കാണിക്കാറുണ്ട്. ഇത്തരം കുറവുകൾ ഗൂഗിൾ പേ വഴി ഇൻസൈറ്റ്‌സ് യാത്രക്കാരുടെ അക്കൗണ്ടിലെത്തിക്കും.