തൃശൂരിൽ ഗൂണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; രണ്ടുപേർ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

Wednesday 30 August 2023 9:52 PM IST

തൃശൂർ: ഓണാഘോഷങ്ങൾക്കിടെ തൃശൂരിൽ ഗൂണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്നിടത്തായി നടന്ന വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകങ്ങൾ. ഇന്ന് വെെകിട്ടാണ് സംഭവങ്ങൾ നടന്നത്. മണ്ണുത്തി മുളയം സ്വദേശി അഖിൽ, നെടുപുഴ സ്വദേശി കരുണാമയി എന്നിവരാണ് കൊല്ലപ്പെട്ടത്.

കരുണാമയിയ്ക്ക് അപകടം സംഭവിച്ചതായി പറഞ്ഞ് നാല് മണിയോടെ മൂന്നു പേർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്നു. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് കരുണാമയി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് 24കാരനായ കരുണാമയി.

മണ്ണുത്തി മൂർഖനിക്കരയിലാണ് രണ്ടാമത്തെ കൊലപാതകം നടന്നത്. കുമ്മാട്ടി ആഘോഷത്തിനിടെയാണ് മുളയം സ്വദേശി അഖിൽ (28) കൊല്ലപ്പെട്ടത്. ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നടന്ന സംഘർഷമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.

അന്തിക്കാടാണ് മൂന്നാമത്തെ സംഭവം നടന്നത്. സംഭവത്തിൽ നിമേഷ് എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിമേഷും ഷിഹാബും ചേർന്ന് ഹിരത്തിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഹിരത്ത് വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് നിമേഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം.