ഡ്രൈവർ നിസ്കരിക്കാൻ പള്ളിയിൽ കയറി, ഓട്ടോ റിക്ഷയുമായി അന്യസംസ്ഥാനക്കാരൻ മുങ്ങി

Thursday 31 August 2023 1:31 PM IST

കോഴിക്കോട്: റോഡരികിൽ ഓട്ടോറിക്ഷ നിറുത്തി ഡ്രൈവർ പള്ളിയിൽ നിസ്കരിക്കാൻ പോയ തക്കം നോക്കി അന്യസംസ്ഥാന തൊഴിലാളി ഓട്ടോയുമായി കടന്നു. കോഴിക്കോട് പുതിയ പാലത്തിലാണ് സംഭവം. പയ്യാനക്കൽ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ഉത്തർപ്രദേശ് സ്വദേശി രാഹുൽകുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. ഓട്ടോറിക്ഷ വഴിയിൽ ഉപേക്ഷിച്ചശേഷമാണ് ഇയാൾ ഒളിവിൽ പോയത്.

പുതിയപാലം പള്ളിക്ക് മുന്നിലാണ് ഹനീഫ ഓട്ടോറിക്ഷ നിറുത്തിയിട്ടിരുന്നത്. ഈ സമയത്തായിരുന്നു മോഷണം. പിന്നീട് തന്റെ സുഹൃത്തുക്കളുമായി ഓട്ടോറിക്ഷയിൽ നഗരത്തിലൂടെ സഞ്ചരിച്ചു. തുടർന്ന് വാഹനം ഉപേക്ഷിക്കുകയായിരുന്നു. വഴിയരികിൽ ഓട്ടാേ കിടക്കുന്നത് കണ്ടപ്പോൾ എടുത്തുകൊണ്ട് പോകണമെന്ന് തോന്നിയെന്നും അതിനാലാണ് മോഷ്ടിച്ചതെന്നുമാണ് രാഹുൽ പൊലീസിന് മൊഴിനൽകിയത്. ഇയാൾ നേരത്തേ മറ്റേതെങ്കിലും മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.